ലണ്ടന്‍: ശരിയായ അളവില്‍ മരുന്ന് പുറത്തു വിടാത്തതിനാല്‍ രണ്ട് തരത്തിലുള്ള ആസ്ത്മ ഇന്‍ഹേലറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഇവ തിരികെ വിളിച്ചത്. ആറായിരത്തോളം രോഗികളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വെന്റോലിന്‍ 200 എംസിജി, സെറെറ്റൈഡ് 50/250എംസിജി ഇന്‍ഹേലറുകളാണ് അടിയന്തരമായി വിപണിയില്‍ നിന്ന് പിന്‍വവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശരിയായ വിധത്തില്‍ മരുന്ന് പുറത്തു വിടുന്നതില്‍ ഈ ഇന്‍ഹേലറുകള്‍ പരാജയമാണെന്നും അത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ജിപിയും ആസ്ത്മ യുകെ വക്താവുമായ ഡോ.ആന്‍ഡി വിറ്റമോര്‍ വ്യക്തമാക്കി.

ആസ്ത്മ രോഗികള്‍ ഉപയോഗിക്കാറുള്ള റിലീവര്‍ ഇന്‍ഹേലറുകളാണ് വെന്റോലിന്‍ ഇന്‍ഹേലറുകള്‍. ചുമ, ശ്വാസതടസം തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. തകരാറുള്ള ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് രോഗിക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, രോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഹേലറുകള്‍ നിരോധിക്കപ്പെട്ട ബാച്ചിലുള്ളവയാണോ എന്ന് തിരിച്ചറിയുന്നതിന് അവയുടെ കീഴില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ പരിശോധിക്കണമെന്ന് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരോധിക്കപ്പെട്ട ബാച്ച് നമ്പറിലുള്ളവയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയും ഫാര്‍മസിസ്റ്റിന് അവ തിരികെ നല്‍കി പകരം വാങ്ങുകയും വേണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാക്‌സോ വെല്‍കം യുകെ ലിമിറ്റഡ് നിര്‍മിച്ചവയാണ് നിരോധിക്കപ്പെട്ട രണ്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും. 4500 വെന്റോലിന്‍ ഇന്‍ഹേലറുകളും 1400 സെറെറ്റൈഡ് ഇന്‍ഹേലറുകളും നിരോധിച്ച് ബാച്ചിലുണ്ടെന്ന് വക്താവ് പറഞ്ഞു.