കഴിഞ്ഞ ദിവസം പീറ്റര്‍ബോറോയില്‍ മരണമടഞ്ഞ മലയാളി ബാലന്‍ അശ്വിന്‍ മോന് (7 വയസ്സ്) തിങ്കളാഴ്ച യുകെ മലയാളി സമൂഹം അവസാന യാത്രാമൊഴിയേകും. ഇന്ന്‍ എട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആയിരുന്നു പീറ്റര്‍ബോറോ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന അശ്വിന്‍ മോനെ വിധി തട്ടിയെടുത്തത്. ഡിസംബര്‍ 27ന് ആയിരുന്നു എല്ലാവരെയും സങ്കട കടലിലാഴ്ത്തി അശ്വിന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടിരിക്കെ അതിന് ഒരാഴ്ച മുന്‍പ് തന്നെ അശ്വിന്‍ യാത്രയായത് ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ് അശ്വിന്റെ കുടുംബവും കൂട്ടുകാരും. മാവേലിക്കര സ്വദേശികളായ ജെനു എബ്രഹാം, ലിന്‍ഡ ജെനു ദമ്പതികളുടെ മൂത്ത മകനായിരുന്നു അശ്വിന്‍ ജെനു. ബ്രെയിന്‍ ട്യൂമറിന്‍റെ രൂപത്തിലെത്തിയായിരുന്നു മരണം അശ്വിനെ കൂട്ടിക്കൊണ്ട് പോയത്.
ഏകദേശം നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പീറ്റര്‍ബോറോയില്‍ അശ്വിന്റെ പെട്ടെന്നുള്ള മരണം വലിയൊരു നടുക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ച് മൂന്ന്‍ ആഘോഷങ്ങള്‍ ആയിരുന്നു ഇവിടെയുള്ള മലയാളികള്‍ പ്ലാന്‍ ചെയ്തിരുന്നത്. പീറ്റര്‍ബോറോ എക്യുമെനിക്കല്‍ പ്രയര്‍ ഗ്രൂപ്പ്, പീറ്റര്‍ബോറോ മലയാളി കൂട്ടായ്മയായ ചൈതന്യ, റോയല്‍ മെയില്‍ ജീവനക്കാരായ മലയാളികള്‍ എന്നിങ്ങനെയായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ അശ്വിന്റെ കുടുംബത്തിന്‍റെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത പീറ്റര്‍ബോറോ മലയാളികള്‍ ഈ ആഘോഷങ്ങള്‍ എല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്.

പീറ്റര്‍ബോറോ മലയാളികളെ പോലെ തന്നെ ദുഖിതര്‍ ആണ് ജെനുവും കുടുംബവും മുന്‍പ് താമസിച്ചിരുന്ന വാറ്റ്ഫോര്‍ഡിലെ മലയാളികളും. വാറ്റ്ഫോര്‍ഡില്‍ നിന്നും പീറ്റര്‍ബോറോയിലേക്ക് താമസം മാറ്റിയെങ്കിലും തന്‍റെ ബന്ധങ്ങള്‍ കൈമോശം വരാതെ സൂക്ഷിച്ചിരുന്ന ജെനുവിന് ഇപ്പോഴും വാറ്റ്ഫോര്‍ഡില്‍ മികച്ച ഒരു സൗഹൃദ വലയം ആണുള്ളത്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണിമോന്‍ മത്തായി ഉള്‍പ്പെടെ നിരവധി മലയാളികള്‍ അശ്വിന്റെ മരണവാര്‍ത്ത അറിഞ്ഞ അന്ന് രാത്രി തന്നെ ജെനുവിനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നു.

അശ്വിന്‍ മോന്‍റെ മൃതദേഹം സംസ്കരിക്കുന്നത് കേരളത്തില്‍ ആയിരിക്കും പീറ്റര്‍ബോറോ മലയാളികളുടെയും വാറ്റ്ഫോര്‍ഡ് മലയാളികളുടെയും നേതൃത്വത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്ന്‍ വരികയാണ്‌. ഇക്കാര്യത്തില്‍ ഒന്നും അശ്വിന്റെ കുടുംബത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ ഉള്ള സഹകരണങ്ങള്‍ ആണ് ഇവിടുത്തെ മലയാളികള്‍ കൈക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളായ അശ്വിന്റെയും കുടുംബത്തിന്റെയും സഹായത്തിനായി ഇടവകംഗങ്ങളും കൂടെയുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു. തിങ്കളാഴ്ചയാണ് പൊതു ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. അന്ന് ഉച്ചയ്ക്ക് 01.00 മണി മുതല്‍ വൈകിട്ട് 06.00 മണി വരെ അശ്വിന്‍ മോന് അവസാനയാത്രാമൊഴി ഏകാന്‍ അവസരം ഒരുക്കിയിടുണ്ട്.

അശ്വിന്‍ മോന്‍റെ ഇഷ്ടപ്പെട്ട കളറായ ഓറഞ്ച് കളര്‍ അണിഞ്ഞ് വേണം കുട്ടികള്‍ വരാന്‍ എന്ന്‍ അശ്വിന്‍ മോന്‍റെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് സ്യൂട്ടും ബ്ലൂ ഷര്‍ട്ടും, സ്ത്രീകള്‍ക്ക് ബ്ലാക്ക് കളറിലുള്ള വേഷവും അഭികാമ്യം ആയിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

സജി : 07859900713
ബിജോ : 07703742801

മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന പള്ളിയുടെ അഡ്രസ്സ്

St. Jude Church Hall,
Cranford Drive,

Peterborough,
Cambridgeshire,
PE3 7EW