അങ്കാറ: തുര്‍ക്കി തീരത്തിനടുത്ത് മറ്റൊരു കുടിയേറ്റ ബോട്ടുകൂടി മുങ്ങി അഭയാര്‍ത്ഥികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുളളവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി തീരത്തടിഞ്ഞതായി തീരസംരക്ഷണ സേന അറിയിച്ചു. യൂറോപ്പിലേക്കുളള യാത്രയ്ക്കിടെ മുപ്പത്തേഴുപേര്‍ മുങ്ങി മരിച്ചതായാണ് നിഗമനം. ഐലന്‍ കുര്‍ദിയുടെ മരണത്തെ ഓര്‍മിപ്പിക്കും വിധം പിഞ്ചുകുഞ്ഞുങ്ങളടക്കമുളളവരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സി നല്‍കിയിട്ടുളള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയുടെ വടക്കന്‍ പ്രവിശ്യയായ കനാക്കലിലെ ഐവാസിക് എന്ന നഗരത്തിനടുത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുളളത്.
സിറിയ, അഫ്ഗാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയ ബോട്ടാണ് മുങ്ങിയതെന്ന് കരുതുന്നു. ജര്‍മനിയില്‍ അഭയം തേടിയ സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും അവരുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമ്പോള്‍ മടങ്ങിപ്പോകാമെന്ന് ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈദുരന്തം. രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് മെര്‍ക്കല്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. 1990ല്‍ യുഗോസ്ലാവിയയില്‍ നിന്ന് അഭയം തേടിയെത്തിയവരില്‍ എഴുപത് ശതമാനം പേരും പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ദിവസം മുമ്പും തുര്‍ക്കിയ്ക്കടുത്ത് മറ്റൊരു ബോട്ട് മുങ്ങി ഇരുപത്തഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ പത്ത് പേര്‍ കുട്ടികളായിരുന്നു. തുര്‍ക്കിയിലെ സാമോസ് ദ്വീപിലേക്ക് പോയവരാണ് മുങ്ങി മരിച്ചത്. ഇപ്പോള്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് 75 പേരെ രക്ഷപ്പെടുത്തിയതായും തുര്‍ക്കി തീരസംരക്ഷണ സേന വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത് പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തീരത്ത് നിന്ന് അമ്പത് മീറ്റര്‍ അകലെയായാണ് ബോട്ട് മുങ്ങിയത്. കഴിഞ്ഞ കൊല്ലം നാലായിരം പേര്‍ യൂറോപ്പ് കടലില്‍ മുങ്ങി മരിച്ചതോടെയാണ് അഭയാര്‍ത്ഥികളുടെ ഈ ദാരുണാന്ത്യങ്ങളുടെ കഥ പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. ഇക്കൊല്ലം ആദ്യത്തെ 28 ദിവസങ്ങളിലായി 244 പേര്‍ ഇത്തരത്തില്‍ കടലില്‍ മുങ്ങിമരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കരയിലും നിരവധി കുടിയേറ്റക്കാര്‍ക്ക് മരണം സംഭവിച്ചു.