മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ചുവയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജഫർപുർ സ്വദേശിയായ നജീർ മിയ (55)യ്ക്കാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്.
2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി, അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള മകളെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്നത്തെ കുറുപ്പംപടി സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഞ്ച് വകുപ്പുകളിലായി ശിക്ഷ വിധിച്ച കോടതി, മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ചുമത്തി. മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും തടവും 20,000 രൂപ വീതം പിഴയും വിധിച്ചു. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.











Leave a Reply