ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എംഎം രാമചന്ദ്രന്‍. താന്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് എല്ലാം മാനേജ് ചെയ്തിരുന്നത് ഭാര്യയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ജയിലില്‍ കഴിയവെ എല്ലാ ജീവനക്കാര്‍ക്കും അവര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ത്തിരുന്നു. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ട്‌സ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് പ്രതിസന്ധികള്‍ മറികടന്നതെന്ന് രാമചന്ദ്രന്‍ പറയുന്നു.

തന്റെ ഭാര്യ ഇന്ദിരയാണ് അന്ന് ഇതെല്ലാം മാനേജ് ചെയ്തത്. ഒരു വീട്ടമ്മ മാത്രമായിരുന്നു അവള്‍. ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു എന്നത് തൃപ്തികരമായ കാര്യമാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

ജയിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാല്‍ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതില്‍ 20 എണ്ണം ദുബായിയില്‍ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വര്‍ണവും ഡയമണ്ട്‌സുമടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നിരുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണം എല്ലാം ഉണ്ടായിരുന്നു. അതാണ് ഏക ആസ്തി. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താന്‍ ജയിലിലായപ്പോള്‍ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.