ഓസ്ട്രലിയയില്‍ മലയാളിയായ സാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപെടുത്തിയ കേസിന്റെ വാദം ആരംഭിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു വ്യക്തമാക്കുന്ന കമ്മിറ്റല്‍ ഹിയറിംഗാണ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത് .

പ്രതികളായ സോഫിയയും കാമുകനായ അരുണും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ വിസ്താരത്തിനായി എത്തിയിരുന്നു. സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നു .എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച സോഫിയ ഭര്‍ത്താവിന്റേതു സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചിരുന്നു.

എന്നാല്‍ പോലീസിന് ലഭിച്ച ഫോണ്‍ കോളില്‍ നിന്നും സോഫിയയെ സംശയിക്കുകയും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതക രഹസ്യം പുറത്തുവരികയുമായിരുന്നു. 2016 ഒക്ടോബറിലാണ് മെല്‍ബണിലെ എപ്പിംഗിലുള്ള വസതിയില്‍ വെച്ചാണ് സാം കൊല്ലപ്പെട്ടത്. അതിനു മുന്പ്, 2016 ജൂലൈ 30 ന് രാവിലെ ലേലോര്‍ സ്‌റ്റേഷനിലെ കാര്‍ പാര്‍ക്കില്‍ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുണ്‍ കമലാസനന്‍ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

മുഖംമൂടി ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പൊലീസില്‍ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുണ്‍ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ ആരോപണം. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയില്‍ അറിയിച്ചു. അരുണ്‍ ഓസ്‌ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സോഫിയയെയും അരുണിനെയും വീട്ടില്‍ ഒരുമിച്ച് കണ്ടതായും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട് .