ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കഴിഞ്ഞ 30 വർഷങ്ങളിലായി പുരുഷൻമാരുടെ ലൈംഗിക അവയവത്തിന്റെ വലിപ്പം വർധിച്ചിട്ടുണ്ടെന്ന് പഠനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ മെറ്റാ അനാലിസിസിലാണ് ഫലം പുറത്ത് വന്നത്. 1992 മുതൽ 2021 വരെ ശരാശരി ലിംഗത്തിന്റെ നീളത്തിൽ നിന്ന് 25 ശതമാനം വർദ്ധനവാണ് കണ്ടെത്തിയിരിക്കുന്നത്. 4.8 മുതൽ 6 ഇഞ്ച് വരെ വർദ്ധനവ് രേഖപ്പെടുത്തുന്നു. രാസവസ്തുക്കളുമായുള്ള സമ്പർക്കം, ജീവിതശൈലി, ജങ്ക് ഫുഡ് എന്നിവയാണ് ഇതിന് കാരണമായ ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. പാരിസ്ഥിതികമായ പല ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ട്.

ഇത് പോസിറ്റീവ് ആണെന്ന് തോന്നുമെങ്കിലും, ഇത് വളരുന്ന വന്ധ്യതാ നിരക്കുമായി ചേർത്ത് പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ദി വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ വാലന്റൈൻസ് ദിനത്തിലാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. 1942 നും 2021 നും ഇടയിൽ നടത്തിയ 75 പഠനങ്ങളിൽ നിന്ന് അവർ ഡേറ്റ ശേഖരിച്ചു. ഇതിനായി മൊത്തത്തിൽ 55,761 പുരുഷന്മാരുടെ ലിംഗങ്ങളുടെ അളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പഠനങ്ങളും വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ ലിംഗത്തിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

‘നിലവിലെ മാറ്റം ആശങ്കാജനകമാണ്. കാരണം നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥ മനുഷ്യ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്. ഇത്രയധികം വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തിയെങ്കിൽ അത് മുന്നോട്ടുള്ള ജീവിതത്തെ പലതരത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലി ഉൾപ്പെടെ പല കാരണങ്ങളാണ് ഈ ഫലത്തിലേക്ക് നയിച്ചത്’- സ്റ്റാൻഫോർഡ് മെഡിസിനിലെ യൂറോളജി പ്രൊഫസറായ ഡോ. മൈക്കൽ ഐസൻബെർഗ് പറഞ്ഞു.