ന്യൂസ് ഡെസ്ക് മലയാളം യുകെ

അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ ഹൃദയാഘാതം മൂലം രണ്ട് ദിവസം മുമ്പ് മരിച്ചതായാണ് അനുമാനം. അച്ഛൻറെ മൃതശരീരത്തിന് അടുത്ത് കണ്ടെത്തിയ രണ്ടു വയസ്സുകാരൻ ബ്രോൺസൺ ബാറ്റേഴ്സ് എന്ന കുഞ്ഞ് പട്ടിണി മൂലം ആണ് ജീവൻ വെടിഞ്ഞത്.


ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .


പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു