വിരാട് കോഹ്ലിയെന്ന കൗമാര താരത്തെ അന്ന് ടീം ഇന്ത്യയിലെടുക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയും പരിശീലകന്‍ ഗാരി കേസ്റ്റനും വിസമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്‌സര്‍ക്കാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മറാത്തി സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കവെയാണ് വെംഗ്‌സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്ലിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയശേഷമായിരുന്നു ഈ സംഭവം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉളളറകളിലേക്ക് കൂടി ഇത് വെളിച്ചം വീശുന്നുണ്ട്.

‘അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യന്‍ യുവനിര ഓസ്‌ട്രേലിയയില്‍ എമേര്‍ജിംഗ് ട്രോഫി കളിക്കാനായി പോയി. കളി കാണാനായി ഞാനും ഓസ്‌ട്രേലിയയില്‍ പോയിരുന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്ലി 123 റണ്‍സടിച്ച് തിളങ്ങി. അപ്പോള്‍ തന്നെ കോഹ്ലി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കേണ്ട താരമാണെന്ന് എനിക്ക് മനസിലായി. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന സമയമായിരുന്നു അത്. കോഹ്ലയെ ടീമിലെടുക്കാന്‍ പറ്റിയ അവസരം. എന്റെ നിര്‍ദേശം സെലക്ടര്‍മാര്‍ നാലുപേരും അംഗീകരിച്ചു. എന്നാല്‍ കോഹ്ലിയുടെ കളി അധികം കണ്ടിട്ടിന്ന് പറഞ്ഞ് ധോണിയും കിര്‍സ്റ്റനും എന്റെ നിര്‍ദേശത്തെ എതിര്‍ത്തു’ വെംഗ്‌സര്‍ക്കാര്‍ പറയുന്നു.

‘കോഹ്ലിയുടെ കളി ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശക്തമായി വാദിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എസ് ബദരീനാഥിനെ ടീമില്‍ നിലനിര്‍ത്താനായിരുന്നു അവര്‍ക്ക് താല്‍പര്യം. കോഹ്ലി വന്നാല്‍ സ്വാഭാവികമായും ബദരീനാഥ് പുറത്താവും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍. ബദരീനാഥിനെ തഴയുന്നതില്‍ ശ്രീനിവാസന്‍ അസ്വസ്ഥനായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ബദരീനാഥിനെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോഹ്ലി അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ 800 റണ്‍സിലധികം സ്‌കോര്‍ ചെയ്ത ബദരീനാഥിനെ ഒഴിവാക്കാനാവില്ലെന്നായിരുന്നു ശ്രീനിവാസന്റെ നിലപാട്.

ബദരിനാഥിന് ഇനിയും അവസരം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് 29 വയസായി ഇനി എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് ശ്രീനിവാസന്‍ ചോദിച്ചത്. എന്നാല്‍ അവസരം ലഭിക്കും എപ്പോഴാണെന്ന് പറയാനാവില്ലെന്നായിരുന്നു എന്റെ മറുപടി.

അടുത്ത ദിവസം ശ്രീനവാസന്‍ കൃഷ്ണമാചാരി ശ്രീകാന്തിനെയും കൊണ്ട് അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാറിനെ കണ്ടു. അതോടെ എന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു. ശ്രീകാന്ത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി-വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കേണ്ടതാണ് വെംഗ്‌സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തല്‍