സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.

ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.

നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.

ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.