സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 ലെ മലയാളം യുകെ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്ക്. ഒക്ടോബർ എട്ടിന് കീത്ത് ലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ വച്ച് ബൈജു വർക്കി തിട്ടാലയ്ക്ക് ഈ അവാർഡ് സമ്മാനിക്കും. ഒക്ടോബർ എട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മലയാളം യുകെ ഓൺലൈൻ പോർട്ടൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് ഫെസ്റ്റും നടക്കുക. യുകെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വ പ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.
2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൌൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൌൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
യുകെയിലെത്തിയ മലയാളികൾ ഏറ്റവുമധികം പേരും തൊഴിൽ രംഗമായി തെരഞ്ഞെടുത്ത ആതുര സേവനരംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ബൈജു വർക്കി തിട്ടാല കൂടുതൽ ശ്രദ്ധേയനായത്. യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ കാമ്പെയിനുകളിലും നിറ സാന്നിദ്ധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.
മലയാളം യുകെ അവാർഡ് ലഭിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ ബൈജു വർക്കി തിട്ടാല മലയാളി നഴ്സുമാർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് എന്നത് കൂടുതൽ ചാരിതാർഥ്യം നല്കുന്നതായും പറഞ്ഞു. തന്റെ സേവനങ്ങൾ മലയാളം യുകെയിലൂടെ അംഗീകരിക്കപ്പെട്ടപ്പോൾ ഈ രംഗത്ത് തന്നോടൊപ്പം പ്രവർത്തിച്ചവരെ ഈ സമയം ഓർമ്മിക്കാതിരിക്കാൻ പറ്റില്ലെന്നും ബൈജു പറഞ്ഞു. ഡെർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും ഗ്ലാസ്ഗോയിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലെത്തി കാമ്പെയിനിൽ പങ്കെടുത്തവർ, കേംബ്രിഡ്ജ് എം പി, കൌൺസിലർമാർ, സാമൂഹ്യ പ്രവർത്തന രംഗത്തെ സഹപ്രവർത്തകരായ സുഗതൻ തെക്കേപ്പുര, കാർമൽ മിരാൻഡ, ഇബ്രാഹിം വക്കുളങ്ങര, ആന്റണി സേവ്യർ, ജിജി നട്ടാശ്ശേരി, എ ഐ സി നേതാവ് ഹർസേവ് ബെയിൻസ്, മാധ്യമ രംഗത്ത് നിന്ന് മികച്ച പിന്തുണ നല്കിയ മലയാളം യുകെയും പ്രത്യേകിച്ച് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടറായ തോമസ് ചാക്കോ തുടങ്ങിയവർ നല്കിയ സപ്പോർട്ട്, യുക്മയുടെ പ്രഥമ പ്രസിഡന്റ് ആയിരുന്ന വർഗീസ് ജോൺ തുടങ്ങി നിരവധി പേരെ ഈ സമയം എടുത്തുപറയാൻ ആഗ്രഹിക്കുന്നു എന്നും ബൈജു തിട്ടാല അറിയിച്ചു.
ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.
താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.
Leave a Reply