ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജുകുട്ടി പറഞ്ഞിരുന്നതുപോലെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസിന് നാട്ടിലേക്ക് പോകും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ജോർജ് കുട്ടിക്ക് യാതൊരു അനക്കവുമില്ല.ഒരേ ഇരിപ്പാണ് എന്ത് സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.
ഒരിക്കലും അടങ്ങിയിരിക്കാത്ത ജോർജ് കുട്ടി ദുഃഖിച്ചിരിക്കുന്നത് ഞങ്ങൾ ആർക്കും ഇഷ്ടമല്ല.
ഇടയ്ക്ക് ഹൗസ് ഓണറുടെ മകൾ ജോർജ് കുട്ടിയുടെ ഇരിപ്പ് കണ്ടുചോദിക്കുകയും ചെയ്തു,”എന്ന അങ്കിൾ പൈത്യകാരൻ മാതിരി……..?”
ജോർജ് കുട്ടിയുടെ ദുഃഖം ഞങ്ങൾ എല്ലാവരുടെയും ദുഃഖമാണ്. വാടക ഞാനാണ് കൊടുക്കുന്നതെങ്കിലും ഹൗസ് ഓണർക്കും കുടുംബത്തിനും ജോർജ് കുട്ടിയോടാണ് കൂടുതൽ താല്പര്യം.
നാലുമണി ആയപ്പോഴേക്കും അവൈലബിൾ ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ഭാരവാഹികൾ എല്ലാവരും ജോർജ് കുട്ടിക്ക് യാത്ര അയപ്പ് കൊടുക്കാനായി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പക്ഷെ യാത്രപോകണ്ടവന് അനക്കമില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി ഇന്ന് വൈകുന്നേരത്തെ ട്രെയിന് നാട്ടിൽപോകുന്നു എന്നല്ലേ പറഞ്ഞത് ?” ജോർജ് കുട്ടി ദയനീയമായി എന്നെ നോക്കി.” ശവത്തിൽ കുത്താതെടൊ.”
“അതെന്താ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നില്ലേ?”
“അല്പം പ്രശ്നം ആയി.”
” എന്തുപറ്റി?”ചോദ്യം അവൈലബിൾ ഭാരവാഹികൾ എല്ലാവർക്കും വേണ്ടി പ്രസിഡണ്ട് ചോദിച്ചു.
” തൊണ്ണൂറ്റി ആറ് വയസ്സുള്ള മറ്റൊരു യുവജന വിഭാഗം സെക്രട്ടറിക്ക് മത്സരിക്കണമെന്ന്. അതിന് എൻറെ വല്യപ്പച്ചൻ വഴിമാറി കൊടുക്കണം പോലും”.
“തൊണ്ണൂറ്റി ആറ് വയസ്സുള്ള യുവാവ്?”
“അതെ. അദ്ദേഹത്തിന് ദേശീയപതാകയിൽ പൊതിഞ്ഞു പോകണം പോലും”
ഇനി ഒരു ഇലക്ഷൻ കൂടി കഴിയാൻ അദ്ദേഹം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും അധികം താമസമില്ലാതെ ഫ്യൂസ് ആകും എന്നാണ് പറയപ്പെടുന്നത്. ഇത്രയും കാലം രാജ്യസേവനം നടത്തി പ്രശസ്തനായ ഒരാൾ ദേശീയപതാകയിൽ പൊതിഞ്ഞു പോയില്ലെങ്കിൽ വലിയ നാണക്കേടല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.”
ഏതെല്ലാം തരത്തിലാണ് ഈ നേതാക്കന്മർ ജനസേവനം ചെയ്യുന്നത്.?
“ഓ ഞാൻ പഠിച്ച പ്രസംഗം എല്ലാം മാറ്റി നമ്മുടെ അസോസിയേഷൻ പരിപാടികൾക്ക് ഉപയോഗിക്കാം.”ജോർജ് കുട്ടി പറഞ്ഞു.
“ജോർജ് കുട്ടിയുടെ വല്യപ്പച്ചൻ കാണിച്ച അബദ്ധത്തിന് ഞങ്ങൾ അനുഭവിക്കാനോ?”ട്രഷറർ കോൺട്രാക്ടർ രാജൻ ചോദിച്ചു.
“താനെന്തിനാ ശവത്തിനിട്ടു കുത്തിയത്? ജോർജ് കുട്ടി പറഞ്ഞല്ലോ താൻ ശവത്തിനിട്ടു കുത്തിയെന്ന്. ആരുടെ ശവമാണ്?”ജോർജ് വർഗീസ്സ്.
“ഇത്രയും വിവരമില്ലാത്തവനെ ഞാൻ എങ്ങിനെ ഓണം പരിപാടിയിൽ അനൗൺസറാക്കും?”ജോർജ് കുട്ടി ചോദിച്ചു.
ഞങ്ങൾ ഇങ്ങനെ കാര്യങ്ങൾ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഞങ്ങളുടെ സുഹൃത്ത് പോലീസുകാരൻ അപ്പണ്ണ വീട്ടിലേക്ക് വന്നു.”ജോർജ്ജുകുട്ടി നിൻറെ തോക്ക് ഒന്ന് വേണമല്ലോ.അല്ലെങ്കിൽ നീയും ഞങ്ങളുടെ കൂടെ വാ. ഞങ്ങൾ ഏതാനും പേർ ഹോസ്കോട്ടയിൽ മുയലിനെ വെടിവെക്കാൻ പോകുന്നുണ്ട് ഇഷ്ടമുണ്ടെങ്കിൽ നിനക്കും വരാം”.
“അയ്യോ ,എൻ്റെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചാൽ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല.”
“അതിന് ആരാ തൻ്റെ തോക്കുപയോഗിച്ച് മുയലിനെ വെടി വയ്ക്കാൻ പോകുന്നത്.?പോലീസ് തോക്ക് ഉപയോഗിച്ച് വെടി വയ്ക്കും..തൻ്റെ എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത് എന്നുപറയും. അത്ര തന്നെ.”
“സബ് ഇൻസ്‌പെക്ടർ അറിഞ്ഞാൽ കുഴപ്പം ആകില്ലേ?”
“എഡോ ഇത് സബ് ഇൻസ്‌പെക്ടറുടെ ഐഡിയ ആണ്.”
“ഈ ഹോസ്കോട്ട എന്ന് പറയുന്ന സ്ഥലം എവിടെയാ?”അച്ചായനാണ് സംശയം.
“അത് പുതിയ എയർ പോർട്ടിലേക്ക് പോകുന്ന വഴിയാ.”
“ഇപ്പോൾ മുയലുകളൊക്കെ എയർപോർട്ടിനടുത്തേയ്ക്ക് താമസം മാറ്റിയോ?”
അപ്പണ്ണ എല്ലാവരെയും ഒന്ന് ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു”,ഇവന്മാരെ ഒന്നും കൂട്ടണ്ട.ജോർജ് കുട്ടി മാത്രം മതി.”
പെട്ടന്ന് സെൽവരാജൻ പറഞ്ഞു,”ഞാൻ വരുന്നില്ല. എയർ പോർട്ടിൽ പോകുവല്ലേ, ജോർജ് കുട്ടി ഡീസൻറ് ആയി പോകണം. സൂട്ട് ധരിക്കണം.അല്ലെങ്കിൽ മുയലുകൾ താൻ ഒരു അലവലാതി ആണെന്ന് വിചാരിക്കും.”
അതുവരെ ഒന്നും മിണ്ടാതിരുന്ന കാഥികൻ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,”എൻ്റെ അടുത്ത കഥയ്ക്ക് ,മുയലുകൾ കഥ പറയുന്നു,എന്ന് പേരുകൊടുത്താലോ എന്നാലോചിക്കുകയാണ് ഞാൻ.”
പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു,”ഇതേതാ ഈ അലവലാതി? മുയലുകൾ കഥ പറയുന്നു പോലും. താൻ മുയൽ എന്ന വാക്ക് ഉപയോഗിച്ചുപോകരുത്..”
“സാർ സാർ…പോലീസുകാരുടെ കള്ള വെടി …എന്നായാലോ?”
ജോർജ് കുട്ടി അകത്തുപോയി തൻ്റെ ബൈബിൾ എടുത്തുകൊണ്ടവന്നു. കിട്ടിയ ഭാഗം തുറന്ന് വായന ആരംഭിച്ചു,”ഞാൻ സത്യം സത്യമായി നിങ്ങളോട് പറയുന്നു …..”ജോർജ് കുട്ടി പുസ്തകത്തിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കി.
സദസ്സ് ശൂന്യം.
(തുടരും)
Leave a Reply