മലയാളത്തിലെ സർപ്രൈസ് ഹിറ്റായ പ്രേമലു റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.

രാജ്യത്താകമാനം ചിത്രം ഇതിനോടകം 28 കോടിയില്‍ കൂടുതല്‍ സ്വന്തമാക്കി. പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

യുകെയില്‍ മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധനം ചെയ്ത പ്രേമലു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെ മറികടന്നാണ് ചിത്രത്തിന്‍റെ നേട്ടം. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ടോവിനോ തോമസ് ചിത്രം 2018 ആണ്. ഏഴ് കോടിയാണ് ചിത്രത്തിന്‍റെ യു കെ കളക്ഷൻ.

പ്രേമലുവിന്‍റെ ഇതുവരെയുള്ള യുകെ ബോക്സ് ഓഫീസ് 2.87 കോടി രൂപയാണ്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ ഫെബ്രുവരി ഒമ്ബതിനായിരുന്നു പ്രേമലുവിന്റെ റിലീസ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വെറും 12 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ 50 കോടി സ്വന്തമാക്കിയത്. പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.