ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ പക്ഷിവേട്ട ഏതാണ്ട് അലങ്കോലമായി.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ച് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.
എല്ലാം വെറുതെയായി.
വെടിയേറ്റ കൊച്ചിന്‌ ഐസ്ക്രീമും അമ്മക്ക് ഒരു മസാലദോശയും കാപ്പിയും വാങ്ങികൊടുത്ത് എല്ലാം സൗമ്യമായി പരിഹരിച്ചു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം. നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻെറ ഭാഷാ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല. പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. ”
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല. ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ അവതരിച്ചു.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്. ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ പോയി കഥാപ്രസംഗവും നടത്തിയിട്ടു വരും.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം,സാധിക്കുമോ?”
“ഞാൻ റെഡി .പോകാം വീട്ടിലേക്ക്.”രാധാകൃഷ്ണൻ.
“ആരുടെ വീട്ടിലേക്ക്?”
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക്”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി. ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ, ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “കൊക്കിരിക്കുന്ന പാടം.”
അച്ചായൻ ചാടി പറഞ്ഞു,”ഹോസ്‌കോട്ടയിലെ കിളികൾ എന്നുമാറ്റണം ”
“ഈ കഥ നടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്ത് എനിക്ക് ജോലിയുണ്ട്. അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ. കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ പറന്നു നടക്കുന്നു.ആ പാടവരമ്പിലൂടെ അവൾ നടന്നു.”
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ. എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.”
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ…… ഞാനും …..വരട്ടെയോ……”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻെറ അടുത്ത ചോദ്യം.”ഈ ലാട് എന്ന് പറയുന്നത് എന്ത് ജീവിയാ?”
“ലാട് …..?ഇതെവിടെ നിന്നുകിട്ടി?.ലാട് …?”
“ഇപ്പോൾ പാടിയില്ലേ? പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ….”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു. തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ. “കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി. എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്. താൻ കഥ പറയൂ”.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പായ്ക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു. ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി. താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്‌നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല. അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു, “ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? ഇവനെ നോക്കണം. മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻെറ സംശയം,”പാറേപള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു, “അടുത്ത ആഴ്ച അവൻെറ കല്യാണമാണ്. ”
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു, “അങ്ങിനെയാണെകിൽ ഭാര്യയേയും കൂട്ടി ഒരു ദിവസം വാ. ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി