ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന് തയ്യാറായില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള അവലോകനയോഗം തുടർച്ചയായ ഏഴാം പ്രാവശ്യവും പലിശ നിരക്ക് അതേ പടി നിലനിർത്താനുള്ള തീരുമാനം ആണ് കൈകൊണ്ടത്. ഇതോടെ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനം പലിശ നിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റിൽ ചേരുന്ന ബാങ്കിൻറെ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടനിൽ 11 ശതമാനത്തിന് മുകളിലായിരുന്ന പണപ്പെരുപ്പത്തിൽ നിന്ന് ഈ മാസം രണ്ടു ശതമാനത്തിൽ എത്തിയത് ആദ്യമായാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞിരുന്ന രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിയതോടെ പലിശ നിരക്കുകൾ കുറയുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ അത് പൊതു തിരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന് അനുകൂല ഘടകമായി തീർന്നേനെ. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും കുറയ്ക്കുമെന്ന് ഋഷി സുനകിൻ്റെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടതായിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ചാൻസിലർ ആയിരുന്ന ഋഷി സുനകിന്റെ സാമ്പത്തിക നയങ്ങൾ മൂലമാണ് അദ്ദേഹത്തിന് പിന്നീട് പ്രധാനമന്ത്രി പദത്തിലേയ്ക്ക് വാതിലുകൾ തുറന്നത്. പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ ബ്രിട്ടനിൽ വീടുകൾ വാങ്ങാൻ കാത്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നിലവിലെ സർക്കാരിനും അനുകൂല ഘടകമായിരുന്ന ഒരു നടപടിയിൽ നിന്ന് മനഃപൂർവ്വം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിഞ്ഞതാണെന്ന അഭിപ്രായം ഉള്ളവരും ഒട്ടേറെയാണ്. ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേയിൽ ഒന്നടങ്കം പറയുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഋഷി സുനക് സർക്കാരിനോട് ചിറ്റമ്മ നയം സ്വീകരിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.