ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസി ജെറ്റിന്റെ യുകെയിൽ നിന്ന് പുറപ്പെടുന്ന 60ഓളം വിമാനസർവീസുകൾ ഇന്നും റദ്ദാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നലെ യുകെയിൽ നിന്ന് പുറപ്പെടുന്ന 62 ഫ്ലൈറ്റുകളാണ് സർവീസ് ക്യാൻസൽ ചെയ്തത്. ഈസി ജെറ്റിന് പുറമെ ബ്രിട്ടീഷ് എയർവെയ്സും തങ്ങളുടെ സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

തുടർച്ചയായി ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കോവിഡ് വ്യാപനം മൂലമുള്ള ജീവനക്കാരുടെ അഭാവം മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടേണ്ടതായി വരുന്നത്. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധിക്കാലത്ത് ഒട്ടേറെ യുകെ മലയാളികളാണ് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടതായി വരുന്നത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ പരിശോധനകൾക്ക് നീണ്ട ക്യൂ ആണ് യാത്രക്കാർക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നത്. നീണ്ട ക്യൂ കാരണം പലർക്കും യാത്ര മുടങ്ങിയത് മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ ചെക്കപ്പിനായി പതിവിലും നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതായിരിക്കും ഉത്തമം. കോവിഡ് കാരണം ജീവനക്കാരുടെ അഭാവം സാധാരണനിലയിലും ഇരട്ടിയാണെന്ന് ഈസി ജെറ്റ് അറിയിച്ചു.