രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.