‘എവിടെ, ഈ ഗ്രൗണ്ടിലെ പിച്ച് എവിടെ?’ – ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നി തോൽവിക്ക് ആതിഥേയരായ ന്യൂസീലൻഡിനോട് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ, ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും കുറച്ചു ബുദ്ധിമുട്ടും! പച്ചപ്പുള്ള പിച്ചൊരുക്കി ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എറിഞ്ഞിട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിനായും തയാറാക്കിയിരിക്കുന്നത് സമാനമായ പിച്ച് തന്നെ. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‍ലി ഓവലിൽ നടക്കുന്ന മത്സരത്തിനായി തയാറാക്കിയിരിക്കുന്ന പിച്ച് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തന്നെ ‘കിളി പോയി’. മൈതാനത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ‘പിച്ച് എവിടെ’യെന്ന് കണ്ടെത്താൻ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ബിസിസിഐ. പച്ചപ്പു നിറഞ്ഞ പിച്ചൊരുക്കിയ ന്യൂസീലൻഡിനിട്ട് ഒരു ‘കൊട്ടാ’ണ് ലക്ഷ്യമെന്ന് വ്യക്തം.

പിച്ചും ഔട്ട്ഫീൽഡും തമ്മിലുള്ള വ്യത്യാസം തീർത്തും നേരിയതാണെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം. ആകെ മൊത്തം ഒരു പച്ചപ്പു മാത്രം. ഒന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്കും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിനും ഈ പിച്ച് കണ്ട് ആവേശം ഇരട്ടിയായിക്കാണും. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയാകട്ടെ, മുട്ടിടിക്കുന്നുണ്ടാകുമെന്നും തീർച്ച! ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്ടനിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ക്രൈസ്റ്റ്ചർച്ചിലും പ്രതീക്ഷിക്കുന്നതെന്ന ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കണം.

‘സാധാരണയായി മത്സരത്തിനു മുൻപ് ഞാൻ വിക്കറ്റ് ശ്രദ്ധിക്കാറില്ല. നോക്കൂ, വെല്ലിങ്ടനിൽ നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ് ലഭിച്ചത്. അതു തന്നെയാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യ എ ഇവിടെ അനൗദ്യോഗിക ടെസ്റ്റ് മത്സരം കളിച്ചിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി ഇവിടുത്തെ പിച്ച് കുറച്ചുകൂടി ഭേദമാണെന്നാണ് പറഞ്ഞത്. ഈ വിക്കറ്റിൽ മികച്ച പേസും ബൗൺസും ലഭിക്കും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് കളി രൂപപ്പെടുത്തേണ്ടിവരും’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട രഹാനെ പറഞ്ഞു.

വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ സൗത്തിക്കും ബോൾട്ടിനും മുന്നിൽകീഴടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുകട്ടി പരീക്ഷണമായിരിക്കും ക്രൈസ്റ്റ്ചർച്ചിലും. മായങ്ക് അഗർവാളിനെയും ഒരു പരിധി വരെ അജിൻക്യ രഹാനെയെയും മാറ്റിനിർത്തിയാൽ ട്രെന്റ് ബോൾട്ട് – ടിം സൗത്തി – കൈൽ ജയ്മിസൻ കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിറച്ചത് ആരാധകർ മറന്നിട്ടില്ല. ക്യാപ്റ്റൻ വിരാട് കോലി, പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർക്കെല്ലാം ഇവരുടെ മുന്നിൽ മുട്ടിടിച്ചു. മിന്നും താരം നീൽ വാഗ്‌നറും മത്സര സജ്ജനായതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളിയാകുമെന്ന് തീർച്ച.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ