എറണാകുളം കരമാല്ലൂര്‍ പഞ്ചായത്തില്‍ ഈസ്റ്റര്‍ തലേന്ന് പശുവിനെ അറുത്തതിന് ആക്രമണം നടത്തിയ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാരുകുന്നി സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തില്‍ പതിന്നാല് പേര്‍ക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്.
ബൈജു, ശരത്, അനില്‍, ഗിരീഷ്, ലക്ഷ്മണ്‍, മിതോഷ്, വരുണ്‍, അരുണ്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയി എന്നിവര്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിയ്ക്കായി അറുത്തിരുന്നു. ഇതറിഞ്ഞെത്തിയ പതിനഞ്ചോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഘപരിവാറിന്റെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞ സംഘം ഇറച്ചി മണ്ണിലേക്ക് വലിച്ചെറിയുകയും അതില്‍ മണ്ണ് വാരിയിടുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. അറസ്റ്റിലായവര്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരല്ലെന്ന് ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം എന്നപേരില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എന്നിവര്‍ പങ്കെടുക്കും.
Leave a Reply