ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

ബേ ഓവലിലും ഇന്ത്യ ടീമിലെ പരീക്ഷണം തുടരും. ക്യാപ്റ്റൻ വിരാട് കോലിക്കും തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനും വിശ്രമം നൽകാനാണ് ആലോചന. ഇതോടെ കോലിക്ക് പകരം ക്യാപ്റ്റനായി തിരിച്ചെത്തുന്ന രോഹിത് ശർമ്മ സഞ്ജു സാംസണൊപ്പം ഓപ്പണറാവും. അവസാന രണ്ടുകളിയിലും സിക്സറോടെ തുടങ്ങിയിട്ടും രണ്ടക്കം കാണാത്ത സഞ്ജുവിനിത് മികവ് തെളിയിക്കാനുള്ള സുവർണാവസരം.

രാഹുൽ പുറത്തിരിക്കുന്നതോടെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തും. യുസ്‍വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവിനും അവസരം നൽകിയേക്കും. ഇന്ത്യൻ ടീമിന് ഇന്നലെ പരിശീലനമോ പതിവ് വാർത്താ സമ്മേളനമോ ഉണ്ടായിരുന്നില്ല. അവസാന രണ്ടുകളിയിലും സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ ജയം.

ബാറ്റിംഗും ബൗളിംഗും കിവീസിന് ഒരുപോലെ തലവേദനയാണ്. പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നും കളിക്കാനിടയില്ല. ടിം സൗത്തി നായകനായി തുടരും. ഫീൽ‍ഡിംഗിനിടെ പരുക്കേറ്റെങ്കിലും മാർട്ടിൻ ഗപ്‌ടിൽ ടീമിലുണ്ടാവും. ബേ ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതാണ്.