ന്യൂസ് ഡെസ്ക് മലയാളം യുകെ

തങ്ങളുടെ വലതുകരം ചെയ്യുന്നത് ഇടതു കരം അറിയെരുതെന്നതാണ് പ്രമാണം. കോടികൾ വില വരുന്ന സ്വത്ത് തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി വിട്ടുകൊടുക്കുമ്പോൾ യുകെയിലെ നോട്ടിംഗ് ഹാമിൽ താമസിക്കുന്ന സാജൻ പൗലോസിന്റെ ആഗ്രഹവും ഇതുതന്നെയായിരുന്നു. എന്നാൽ തങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയുടെ വലിപ്പം മനസ്സിലാക്കി നിരവധിപേർ അഭിനന്ദനങ്ങളുമായി വിളിക്കുകയും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയുമാവുകയാണെങ്കിൽ ഒട്ടിയ വയറുമായി ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാൻ ഒരിടമില്ലാതെ വലയുന്ന ഒരാൾക്കെങ്കിലും ആശ്വാസമായാൽ നല്ല കാര്യമാണല്ലോയെന്ന് ഓർത്താണെന്ന് സാജൻ മലയാളം യുകെയോട് മനസ്സ് തുറന്നത്.

എറണാകുളം കാലടി നീലീശരം അറയ്ക്കൽ പരേതരായ പൗലോസ്, മേരി ദമ്പതികളുടെ മകനായ സാജൻ പൗലോസ് മുൻ പട്ടാള ഉദ്യോഗസ്ഥനാണ്. ആർമിയിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് യുകെയിൽ എത്തിയത്. പിതാവ് പൗലോസും ഇന്ത്യൻ സൈന്യത്തിനു വേണ്ടി ദീർഘകാലം സേവനം ചെയ്തിരുന്നു. സ്‌ഥലം കൂടാതെ 10 ലക്ഷം രൂപയും നൽകാനാണ് സാജൻ തീരുമാനിച്ചിരിക്കുന്നത്. ചിറമേൽ അച്ചന്റെ ചാരിറ്റബിൾ ട്രസ്റ്റിനെയാണ് അർഹരായവരെ കണ്ടെത്തി വീട് പണിയാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ചിറമേൽ അച്ചൻെറ ചാരിറ്റി പ്രവർത്തനങ്ങളോടെ ആകൃഷ്ടനായാണ്   കിടപ്പാടമില്ലാത്തവർക്കായി സ്ഥലവും, പണവും അച്ചനെ ഏൽപ്പിക്കാൻ കാരണം. സാജൻ തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ആണ് ഈ പുണ്യ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയത്.

മക്കളെല്ലാം പ്രവാസലോകത്ത് ആയതു കാരണം പ്രായമായവരെ സംരക്ഷിക്കാൻ ആളില്ലാതെ കേരളത്തിൽ വൃദ്ധസദനങ്ങൾ കൂടുന്ന സാഹചര്യത്തിലും, പ്രായമായ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ സ്വന്തം പേരിലാക്കിയതിനുശേഷം മാതാപിതാക്കളെ പെരുവഴിയിൽ ആക്കുന്ന വാർത്തകൾ നിരവധി മാധ്യമ ശ്രദ്ധ നേടുന്ന അവസരത്തിലുമാണ് സാജൻ, മിനി ദമ്പതികളുടെ ഈ പുണ്യപ്രവർത്തിയെന്നത് ശ്രദ്ധേയമാണ്.

അങ്കമാലിക്കടുത്ത് മഞ്ഞപ്ര കരിങ്ങേൻ കുടുംബാംഗമായ കെ വി അഗസ്റ്റിൻ്റെയും മേരി അഗസ്റ്റിൻ്റെയും മകളാണ് സാജൻ്റെ ഭാര്യ മിനി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നേഴ്സിങ് വിദ്യാർഥിനിയായ ആൻമേരിയും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചലും, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡുമാണ് സാജൻ, മിനി ദമ്പതികളുടെ മക്കൾ. നന്മയുടെയും കാരുണ്യത്തിൻ്റെയും പാതയിൽ മുന്നോട്ടു പോകാൻ ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് സാജൻ മലയാളം യുകെയോട് പറഞ്ഞു.