മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. ബിഗ് ബ്രദർ എന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സിദ്ദിഖ്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ ശ്രദ്ധ നേടിയത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അതിനൊപ്പം ഇതിലെ വലിയ താരനിരയും പ്രതീക്ഷ പകർന്നിട്ടുണ്ട്.

സാധാരണ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഫാമിലി എന്റെർറ്റൈനെറുകളാണ് സിദ്ദിഖ് ഒരുക്കിയിട്ടുള്ളത് എങ്കിൽ ഇത്തവണ തന്റെ ശൈലി ഒന്ന് മാറ്റി പിടിച്ചു കൊണ്ട് ആക്ഷന് പ്രാധാന്യം നൽകിയ ഒരു ഫാമിലി എന്റെർറ്റൈനെറാണ് സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും വർത്തമാന കാലവും ആസ്പദമാക്കി മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം അയാളുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ഫോക്കസ് ചെയ്യുന്നുണ്ട്. കുറച്ചു സസ്‌പെൻസും നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രമായതുകൊണ്ടുതന്നെ കഥാസാരം കൂടുതലായി വെളിപ്പെടുത്തുന്നത് ഉചിതമല്ല.

താൻ വേറിട്ട ഒരു ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന അവകാശവാദത്തോടു പൂർണ്ണമായും നീതി പുലർത്താൻ സിദ്ദിഖ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. സസ്‌പെൻസും ആക്ഷനും ആകാംഷയും ആവേശവും നിറഞ്ഞ രീതിയിൽ ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും ഒരു ചിത്രം വരുമ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തമാശകളും വൈകാരികമായ തലമുള്ള ഒരു കുടുംമ്പ കഥയും കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കാനും സിദ്ദിഖ് എന്ന രചയിതാവിനു സാധിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ ആരാധകരെ മാത്രമല്ല, എല്ലാത്തരം സിനിമാ പ്രേക്ഷകരെയും കിടിലം കൊള്ളിക്കുന്ന ഫൈറ്റ് ആണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ, റാം- ലക്ഷ്മൺ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ കയ്യടി അർഹിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുപോലെ തന്നെ എടുത്തു പറയേണ്ട പോസിറ്റീവ് വശങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇന്റർവെൽ പഞ്ചും ക്‌ളൈമാക്‌സും. പ്രേക്ഷകരെ ഉദ്വേഗ ഭരിതർ ആക്കുന്ന ഒരു ഇന്റർവെൽ പഞ്ചും അതിനു ശേഷം അവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ക്‌ളൈമാക്‌സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രവും ആ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ച അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ താങ്ങി നിർത്തിയ മറ്റൊരു ഘടകം. വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തിന് മോഹൻലാൽ നൽകിയ ശരീര ഭാഷയും സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നൽകിയ പൂർണ്ണതയും ഈ കഥാപാത്രത്തെ ഗംഭീരമാക്കി. അദ്ദേഹത്തോടൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, നായികമാരായ മിർണ്ണ, ഗാഥാ, ഹണി റോസ് എന്നിവരും മികച്ചു നിന്നു. സിദ്ദിഖ്, ദേവൻ, ജനാർദ്ദനൻ, ആസിഫ് ബസ്ര, ജോൺ വിജയ്, ചേതൻ ഹൻസ്രാജ്, നിർമ്മൽ പാലാഴി, കൊല്ലം സുധി എന്നീ കലാകാരന്മാരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്.

ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മനോഹരമായപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ മികവ് പ്രകടമായി. മാത്രമല്ല ഗൗരി ശങ്കറിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ഉള്ള മികവ് പകർന്നു തന്നിട്ടുണ്ട്.

ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ രസിച്ചു കാണാവുന്ന ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ബിഗ് ബ്രദർ. സിദ്ദിഖ് എന്ന സംവിധായകന്റെ ഒരു കിടിലൻ തിരിച്ചു വരവ് എന്നുതന്നെ ബിഗ് ബ്രദറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന തരത്തിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു വലിയ വിജയത്തിലേക്ക് നയിക്കുന്നത് എന്ന് പറയാൻ സാധിക്കും.