തേഞ്ഞിപ്പലം(മലപ്പുറം): ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതിമാർക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടിൽ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
പത്ത് ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Reply