ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. “ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾക്ക് ഒരുമിച്ചു നീങ്ങാൻ കഴിയുമെന്ന് ഇനി വിശ്വസിക്കുന്നില്ല. വളരെയധികം ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും ശേഷം വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഞങ്ങൾ എടുത്തു.” ഇരുവരും ട്വിറ്ററിൽ എഴുതി. 1980 കളുടെ അവസാനത്തിലാണ് മെലിൻഡ, ബില്ലിന്റെ മൈക്രോസോഫ്റ്റ് സ്ഥാപനത്തിൽ ചേർന്നത്. ബില്ലിനും മെലിൻഡയ്ക്കും മൂന്നു കുട്ടികളുണ്ട്. ഇരുവരും ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്നു. പകർച്ചവ്യാധികൾ തടയുക, കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംഘടന കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ് ബിൽ ഗേറ്റ്സ്.

1970 കളിൽ അദ്ദേഹം സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിലൂടെയാണ് പണം സമ്പാദിച്ചത്. “കഴിഞ്ഞ 27 വർഷത്തിനിടയിൽ, ഞങ്ങൾ മൂന്ന് കുട്ടികളെ വളർത്തി. ലോകമെമ്പാടും പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പടുത്തുയർത്തി. എല്ലാവരേയും ആരോഗ്യകരവും ഉൽ‌പാദനപരവുമായ ജീവിതം നയിക്കാൻ പ്രാപ് തരാക്കുന്നു. ഞങ്ങൾ ആ ദൗത്യത്തിൽ ഇനിയും ഒരുമിച്ചു പ്രവർത്തിക്കും. എന്നാൽ ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദമ്പതികളായി മുന്നോട്ട് നീങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല.” വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും ട്വിറ്ററിൽ പ്രസ്താവന പോസ്റ്റ് ചെയ്തു.

1987 ലാണ് മെലിൻഡ മൈക്രോസോഫ്റ്റിൽ ഒരു പ്രൊഡക്റ്റ് മാനേജരായി ചേർന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. 1994 ൽ ഹവായി ദ്വീപായ ലനായിൽ വച്ച് അവർ വിവാഹിതരായി. 2000 ത്തിൽ സിയാറ്റിലിൽ വച്ച് ദമ്പതികൾ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചു. കോവിഡ് -19 സമയത്ത് വാക്സിൻ സംരംഭങ്ങൾക്കും ഗവേഷണത്തിനുമായി 1.75 ബില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. 2019 ൽ ഫൗണ്ടേഷന് 43 ബില്യൺ ഡോളറിലധികം ആസ്തി ഉണ്ടായിരുന്നു. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിൽ ഗേറ്റ്സ് കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റിന്റെ ബോർഡിൽ നിന്ന് മാറി.