സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. ബിനീഷ് യുഎഇയിലെത്തിയാൽ ഉടൻ അറസ്റ്റിലാകും. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംബാ ഫിനാൻസിയേഴ്സിൻറെ ദുബായ് ശാഖയിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാത്ത കേസിൽ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബിനീഷിൻറെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഡിസംബർ പത്തിനായിരുന്നു ഈ വിധി.
സാംബ ഫിനാൻസിൻറെ പരാതിയിൽ 2015 ഓഗസ്റ്റ് ആറിനാണ് ബിനിഷ് കോടിയേരിക്കെതിരെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിൽനിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. രണ്ടേകാൽ ലക്ഷം ദിർഹം ബിനീഷ് വായ്പ എടുത്തതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാൻ ബാങ്ക് റിക്കവറി ഏജൻസിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നാണു ബാങ്കിനു ലഭിച്ച റിപ്പോർട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്ത് പ്രവേശിച്ച ഉടൻ അറസ്റ്റിലാകും.
ബിനീഷ് യുഎഇയിലെത്തിയാൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സിഐഡി വിഭാഗം അറസ്റ്റു രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്കു കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളിൽ പ്രവർത്തിക്കുന്ന സിഐഡി ഓഫിസിനു കൈമാറും. ശേഷം, വിധി പ്രഖ്യാപിച്ച ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും. പ്രതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കേസ് റീ ഓപ്പൺ ചെയ്യാൻ അവസരമുണ്ട്. വിധി അംഗീകരിക്കുകയാണങ്കിൽ ജയിലിൽ അടയ്ക്കും. യുഎഇയിലെ നിയമപ്രകാരം ശിക്ഷ വിധിച്ചുകഴിഞ്ഞാലും കേസിൽ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നൽകി ഒത്തുതീർപ്പാക്കാൻ സാധിക്കും. വാദി നൽകിയ മോചന കത്ത് ശിക്ഷ റദ്ദാക്കുകയും ചെയ്യും.
Leave a Reply