ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം: ജനങ്ങളെ പരിഭ്രാന്തരാക്കി ബിര്‍മ്മിംഗ്ഹാമില്‍ ഭൂചലനം. ഇന്നലെ രാത്രി 10:59നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബിർമിംഗ്ഹാമിലെയും വെസ്റ്റ് മിഡ്‌ലാൻഡിലെയും നിരവധി കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ബിർമിംഗ്ഹാം, വോൾവർഹാംപ്ടൺ, വാർവിക്ക്, വാൽസാൽ, സട്ടൺ കോൾഡ്‌ഫീൽഡ്, വെഡ്‌നെസ്‌ബറി, വില്ലൻഹാൾ, ഹാൽസോവൻ, ഡഡ്‌ലി, റുഗെലി, പൂൾ, ടിപ്റ്റൺ, റൗലി റെഗിസ് എന്നീ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായി.
ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെമാത്രമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറഞ്ഞു. വാൽസാളിലാണ് ഭൂചലനം കൂടുതൽ ശക്തമായി അനുഭവപ്പെട്ടതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) വ്യക്തമാക്കി. ഇവിടെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോർട്ടുകളുണ്ട്.
ഭൂകമ്പം ഉണ്ടായതിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ചത്. ഡഡ്‌ലി ഈസ്റ്റിലെ പോലീസ് ഇൻസ്‌പെക്ടറായ പീറ്റ് സന്ധു തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; “ഞാൻ കരുതി ജനലിൽ ആരോ മുട്ടുന്നുണ്ടെന്ന്!! ഡഡ്‌ലിയിൽ ഒരു ഭൂകമ്പം ഉണ്ടായി.” ഒരു കാര്‍ തന്റെ വീട്ടിലേക്ക് ഇടിച്ചുകയറി എന്നാണ് വിചാരിച്ചതെന്ന് വെനെസ് ഫീല്‍ഡ് സ്വദേശി പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ വന്ന് നാശം വിതച്ചതിന് പിന്നാലെ ഒരു ഭൂകമ്പവും ഉണ്ടായിരിക്കുന്നുവെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Leave a Reply