ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്ത 12 ദിവസങ്ങളിലായി കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി 6500 കായിക താരങ്ങളും ഒഫീഷ്യലുകളും അടങ്ങുന്ന 72 ടീമുകൾ ബെർമിങ്ഹാമിൽ എത്തും. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മൾട്ടി സ്പോർട്സ് ഇവന്റിൽ പുരുഷന്മാരെക്കാൾ കൂടുതൽ ഇനങ്ങൾ സ്ത്രീകൾക്കായി ഉണ്ടാവുക. ഗെയിംസിൽ 42 പാരാ സ്‌പോർട്‌സ് ഇനങ്ങളും ഉണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് അലക്സാണ്ടർ സ്റ്റേഡിയത്തിൽ ആയിരിക്കും ഉദ്ഘാടനം നടക്കുക. നടത്തപ്പെടുന്ന പുതിയ കായിക ഇനങ്ങളിൽ വനിതാ ട്വന്റി20 ക്രിക്കറ്റ്, ത്രീ-ഓൺ-ത്രീ ബാസ്‌ക്കറ്റ്‌ബോൾ, മിക്സഡ് സിൻക്രൊണൈസ്ഡ് സ്വിമ്മിങ് എന്നിവ ഉൾപ്പെടുന്നു. 1.2 മില്യൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റ് കഴിഞ്ഞ് കോമൺവെൽത്ത് ഗെയിംസ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വേദിയാണ്.


ലോറ കെന്നിയും ആദം പീറ്റിയും ഇംഗ്ലണ്ടിനായി സൈക്ലിംഗ്, നീന്തൽ എന്നീ ഇനങ്ങളിൽ മത്സരിക്കും. അതേസമയം ടൂർ ഡി ഫ്രാൻസിൽ മൂന്നാം സ്ഥാനത്ത് എത്തിയ ജെറന്റ് തോമസ് നീന്തൽ ഇനത്തിൽ വെയിൽസിനെ പ്രതിനിധീകരിച്ച് മത്സരിക്കും. നാലുവർഷം മുമ്പ് ഓസ്ട്രേലിയ ആതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയ 80 സ്വർണം മെഡലുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 45 സ്വർണ മെഡലുകൾ നേടി യുകെ രണ്ടാം സ്ഥാനത്തും 26 സ്വർണം മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 2018-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെയിൽസ് 10 സ്വർണ മെഡലുകൾ നേടിയിരുന്നു. അത്‌ലറ്റിക്‌സിലും നീന്തലിലും യഥാക്രമം ലോക, ഒളിമ്പിക് മെഡൽ ജേതാക്കളായ ലോറ മുയറും ഡങ്കൻ സ്കോട്ടും മികച്ച വിജയം കൈവരിക്കാൻ സ്കോട്ട്ലാൻഡ് ടീമിനെ നയിക്കും.