കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യുമെന്ന് സൂചന. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക.

ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പടുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം കഴിഞ്ഞ അവലോകന യോഗത്തില്‍ ഐജി ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് വിവരം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായി കോട്ടയം എസ്പി പറഞ്ഞിരുന്നു. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമയം ശക്തമാക്കിയിരിക്കുകയാണ്. ഇന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലും സമരം ആരംഭിക്കും.