മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ്‌ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. കുതിരക്കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്നു സുപ്രീം കോടതി പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണം. നടപടിക്രമം തത്സമയം സംപ്രേഷണം ചെയ്യണം. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.

14 ദിവസമാണ് കഴിഞ്ഞ 23നു ഗവര്‍ണര്‍ അനുവദിച്ചതെന്നാണ് ഫഡ്‌നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. ഇതു കോടതി തള്ളി. ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരായ ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.

കഴിഞ്ഞ വര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. കര്‍ണാടകയില്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. കോടതി നേരത്തെ പലപ്പോഴും സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു.

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം എങ്ങനെ തെളിയിക്കുമെന്നതിനു ബിജെപിക്ക് ഒരുത്തരമേയുള്ളൂ– അമിത് ഷാ. ആദ്യം മടിച്ചുനിന്ന ദേശീയ അധ്യക്ഷൻ തുനിഞ്ഞിറങ്ങിയാൽ ഭൂരിപക്ഷം നിഷ്പ്രയാസം നേടാമെന്ന നിലപാടാണ് നേതാക്കൾക്ക്. അതെങ്ങനെ എന്നതു തൽക്കാലം അമിത്ഷായ്ക്കു മാത്രമേ അറിയൂ. മോദിയും അമിത് ഷായും നേരിട്ട് ഇടപെട്ടപ്പോൾ ഒരു രാത്രി കൊണ്ടു ഭരണം പിടിച്ചത് വെറുതേ വിശ്വാസ വോട്ടിൽ കൊണ്ടുകളയാനല്ല എന്നാണ് ആത്മവിശ്വാസത്തിൽ നിന്നു വ്യക്തമാകുന്നത്. ശിവസേന–എൻസിപി–കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ആശയപരമായി ഒന്നിച്ചു നിൽക്കാനേ കഴിയില്ലെന്നും വിശ്വാസവോട്ടിൽ അതു പ്രതിഫലിക്കുമെന്നുമാണ് പരസ്യമായി പറയുന്നതെങ്കിലും അതിനപ്പുറത്തുള്ള തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.

ശിവസേന–എൻസിപി– കോൺഗ്രസ് സഖ്യത്തിലെ എംഎൽഎമാർ തന്നെയാണ് മുഖ്യലക്ഷ്യം. ഓപ്പറേഷൻ ലോട്ടസ് എന്നു തന്നെ പേര്. ആ പാർട്ടികളിൽ നിന്നു വിട്ടു വന്ന 4 പേർക്കാണ് സംസാരിക്കാനുള്ള ചുമതല. നിരന്തരം ചർച്ച നടക്കുന്നുണ്ട്. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും വിശ്വാസ വോട്ടെടുപ്പു സമയത്ത് വിട്ടുനിന്നാലും മതിയെന്നാണ് എംഎൽഎമാരോടു പറഞ്ഞിരിക്കുന്നത്.

നിലവിൽ 105 പേരുള്ള ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 40 പേർ കൂടി വേണം. 288 അംഗ നിയമസഭയിൽ കുറച്ചു പേർ വിട്ടു നിന്നാൽ ഭൂരിപക്ഷത്തിനുളള സംഖ്യ കുറയും. 2014 ൽ എൻസിപിയുടെ 41 പേർ വിട്ടു നിന്നപ്പോൾ ബിജെപി വിശ്വാസ വോട്ടു നേടിയതിന്റെ ചരിത്രവുമുണ്ട്. രാജ്യസഭയിൽ മുത്തലാഖ് അടക്കം പല ബില്ലുകളും ഇതുപോലെ പാസാക്കിയെടുത്തിട്ടുമുണ്ട്.

അജിത് പവാറിന്റെ പേരിലുള്ള 70,000 കോടി രൂപയുടെ അഴിമതിക്കേസുകൾ നിമിഷാർധം കൊണ്ട് ഒഴിവാക്കിയത് പലർക്കുമുള്ള പ്രലോഭനമാണ്. അത് എൻസിപിയിലെ ചെറുമീനുകളെയല്ല ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ശരദ് പവാർ കൂടി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാമെന്നാണ് ബിജെപി നേതാക്കളിൽ ചിലർ ഇപ്പോഴും പറയുന്നത്.

ശിവസേനയുമായി ചർച്ച നടന്നപ്പോഴേ പവാർ സ്വീകരിച്ച അഴകൊഴമ്പൻ നയം ഇതിന്റെ തെളിവായി അവർ ഉയർത്തിക്കാട്ടുന്നുമുണ്ട്. പക്ഷേ, മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയത് ഈ നേതാക്കളിൽ പലരും സത്യപ്രതിജ്ഞാ സമയത്താണ് അറിഞ്ഞത്.

അജിത് പവാറിനൊപ്പം 30 പേരെങ്കിലും വരുമെന്നാണ് പാർട്ടി കരുതുന്നത്. 36 പേർ വന്നാലേ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നു രക്ഷപ്പെടാനാവൂ. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ അജിത് പവാർ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യാൻ നിർദേശിച്ചാൽ എംഎൽഎമാർക്ക് അനുസരിക്കേണ്ടി വരുമെന്നാണ് ബിജെപിയുടെ വാദം.

അവരെല്ലാവരും ഒപ്പിട്ട കത്ത് അജിത്തിന്റെ പക്കലുണ്ട്. ബിജെപി–എൻസിപി സർക്കാർ എന്ന് അജിത് സുപ്രീം കോടതിയിലടക്കം ആവർത്തിക്കുന്നതും എൻസിപി മൊത്തമായി തങ്ങളുടെ കൂടെയാണെന്ന വാദത്തിനു ബലമേകാനാണ്. റിബലുകളടക്കം 15 സ്വതന്ത്രർ കൂടി ബിജെപിക്കൊപ്പമുണ്ടെന്നാണു പാർട്ടിയുടെ കണക്ക്.