ചേർപ്പ് : രക്തദാതാക്കളുടെ കൂട്ടായ്‌മയായ ബ്ലഡ് ഡോണേഴ്സ് കേരള നടത്തിയ ബിരിയാണി ചലഞ്ചിൽ പാകംചെയ്ത് വിതരണം ചെയ്തത് പതിനാറായിരത്തിലധികം ബിരിയാണി. മൂന്നുപേരുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നടത്തിയ ബിരിയാണി ചലഞ്ച് വലിയൊരു കാരുണ്യപ്രവർത്തനമായി. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ മുന്നൂറ്റമ്പതോളംപേർ നേരിട്ട് പങ്കാളികളായി. ദിവസങ്ങൾ നീണ്ട പ്രയത്നമായിരുന്നു ഈ ചലഞ്ച്.

രക്താർബുദം ബാധിച്ച് രക്തമൂലകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ആവശ്യമുള്ള തിരൂരിലെ അജോ (37), മണലൂരിലെ അർബുദരോഗിയായ അമ്പിളിയെന്ന വീട്ടമ്മയുടെ മകൻ ഓട്ടോ ഇമ്യൂൺ രോഗം ബാധിച്ച അതുൽ (20) എന്ന ബിരുദവിദ്യാർഥി, നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ച്‌, വൃക്കകൾ തകരാറിലായി വാടകവീട്ടിൽ കഴിയുന്ന നെടുപുഴ പനമുക്കിലെ ബാബു എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചെറുവത്തേരിയിലെ കമ്യൂണിറ്റി ഹാളിലായിരുന്നു ബിരിയാണി പാകം ചെയ്തത്.

2,200 കിലോ അരി, 4,000 കിലോ കോഴി, 2,200 കിലോ സവാള എന്നിവ വേണ്ടിവന്നു. 40 ചെമ്പുകളിലായാണ് ബിരിയാണി വെച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ആയിരങ്ങൾ അംഗങ്ങളായ സംഘടനയുടെ തൃശ്ശൂർ ജില്ലാഘടകമായിരുന്നു ചലഞ്ച് നടത്തിയത്. സംഘടനയുടെ സ്ഥാപകനടക്കം തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽനിന്നായി പ്രവർത്തകരെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സവാള നന്നാക്കുന്നതുമുതൽ പാത്രം കഴുകുന്നതുവരെ പ്രവർത്തകർ ചെയ്തു. കൊമ്പിടിയിലെ തമാം കാറ്ററിങ്ങിന്റെ ഫെബിൻ സൗജന്യസേവനമായാണ് ബിരിയാണി പാകംചെയ്തത്.

ബി.ഡി.കെ. മുമ്പ് 3000, 6500 എന്നിങ്ങനെ നടത്തിയ ചലഞ്ചിലും ഫെബിൻ സൗജന്യമായാണ് ബിരിയാണി വെച്ചത്. എട്ട് സഹായികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പണം സംഭാവനയായി നൽകിയവരുടെ ആവശ്യപ്രകാരം അനാഥാലയം, വൃദ്ധസദനം, രോഗികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കും ബിരിയാണി എത്തിച്ചുകൊടുത്തു. 150 പേരടങ്ങിയ ടീമാണ് വിവിധ വാഹനങ്ങളിലായി ബിരിയാണി വിതരണം ചെയ്തത്. ചലഞ്ച് വഴി ലഭിച്ച പണം രോഗികൾക്ക് കൈമാറും.