മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയിൽ അത്ര വൈകി ഉറങ്ങിയാൽ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോൾ ഞാൻ പതുക്കെ മുറിയുടെ വാതിൽക്കൽ മുട്ടി. എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാൻ അലറി. കണ്ണൂർ മുഴുവൻ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാൻ ജീവനോടെ കണ്ണൂർ വിടില്ലെന്നും. ‌

‍12 ആയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണർന്നപ്പോൾ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാൻ അപ്പോൾ കരയുകയായിരുന്നു. ഞാൻ പറഞ്ഞു, താങ്കൾ പുറത്തു വന്നില്ലെങ്കിൽ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാൻ പറഞ്ഞു മനസ്സിലാക്കി. നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊൽക്കത്തയിൽ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാൽ ആകെ പ്രശ്നമാകും. ഞാൻ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയിൽ കളിക്കുകയും പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നിൽ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെസ്സി തന്നെക്കാൾ വലിയ കളിക്കാരനാകുമെന്നും അർജന്റീനയിൽ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു: ‘ഞാൻ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാൾ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകൻ ബെഞ്ചമിൻ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.