കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. ഒന്നരവര്‍ഷത്തോളമാണ് മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. ചാമരാജ്‌പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സംഭവത്തില്‍, നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗളൂരു കോര്‍പ്പറേഷനാണ് സംസ്‌കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് ഈ മോര്‍ച്ചറി നിര്‍ത്തി സമീപത്ത് പുതിയ മോര്‍ച്ചറി തുറന്നിരുന്നു. ശേഷം പഴയ മോര്‍ച്ചറിയിലേയ്ക്ക് ആരും എത്തിയതുമില്ല. ഇതോടെയാണ് രണ്ട് മൃതദേഹങ്ങള്‍ അനാഥമായി വര്‍ഷങ്ങളോളം കിടന്നത്. ടാഗ് നമ്പര്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 2020 ജൂലൈയിലാണ് ദുര്‍ഗയും മുനിരാജും കൊവിഡ് ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

ഇവരുടെ സംസ്‌കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ജീവനക്കാര്‍ മറന്നുപോയെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. രാജാജി നഗര്‍ പോലീസ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.