കൊല്ലത്തു നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ അച്ഛനും അമ്മയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അച്ഛൻ റെജി ജോൺ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലും അമ്മ സിജി റെജി  കൊട്ടിയം കിംസ് ആശുപത്രിയിലും നേഴ്സുമാരാണ്.യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആണ് റെജി ജോൺ .

17 മണിക്കൂർ പിന്നിട്ടിട്ടും കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസ്സുകാരി അബിഗേൽ സാറ റെജിയേക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം നടത്തിയതെങ്കിലും, ഇപ്പോൾ മറ്റു ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽനിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ​ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.