സതീഷ് ബാലകൃഷ്ണൻ
വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക് ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.
ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.
അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.
ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.
ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.
Leave a Reply