വെറും 93 പൗണ്ട് മാത്രം വിലയുള്ള മൗത്ത് വാഷിന് 3000 പൗണ്ട് ഈടാക്കിയ ഹൈസ്ട്രീറ്റ് ഫാര്‍മസി ബൂട്ട്‌സ് പ്രതിക്കൂട്ടില്‍. ഡ്രഗ് റെഗുലേഷനിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ എന്‍എച്ച്എസില്‍ നിന്ന് ഇത്രയും പണം ഈടാക്കിയത്. സ്‌പെഷ്യല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന അണ്‍ലൈസന്‍സ്ഡ് മരുന്നുകള്‍ക്ക് സ്വന്തമായി വിലയിടാമെന്ന് പഴുതുപയോഗിച്ചാണ് ബൂട്ട്‌സ് ഈ കൊള്ള നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്. കീമോതെറാപ്പിക്ക് വിധേയരായി വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടാകുന്നവര്‍ക്ക് നല്‍കുന്ന മൗത്ത് വാഷാണ് ഇത്. നിര്‍മാതാക്കള്‍ ഈടാക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വിലയാണ് ബൂട്ട്‌സ് ഈടാക്കിയത്.

അഞ്ച് ഓര്‍ഡറുകളില്‍ ബൂട്ട്‌സ് എന്‍എച്ച്എസില്‍ നിന്ന് 1843 മുതല്‍ 3220 പൗണ്ട് വരെയാണ് ഈടാക്കിയത്. 200 മില്ലിലിറ്റര്‍ മൗത്ത് വാഷ് ബോട്ടിലിന് മറ്റ് ഫാര്‍മസിസ്റ്റുകള്‍ 93.42 പൗണ്ടാണ് ഈടാക്കുന്നത്. കമ്പനി എന്‍എച്ച്എസിനെയും രോഗികളെയും ചൂഷണം ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടുകള്‍ നഷ്ടമാകാതിരിക്കാനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാല്‍ഗ്രീന്‍സ് ബൂട്ട്‌സ് അലയന്‍സ് അമിത വിലയീടാക്കിയെന്ന ആരോപണം നിഷേധിച്ചു. റെഗുലേഷന്‍ അനുസരിച്ചാണ് തങ്ങള്‍ വിലയീടാക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം. 1 പൗണ്ട് മാത്രം വിലവരുന്ന ബേസിക് സ്ലീപ്പിംഗ് പില്‍സിന് 2600 പൗണ്ടും ആര്‍ത്രൈറ്റിസ് പെയിന്‍ കില്ലറിന് 3200 പൗണ്ടും ഈടാക്കിയതായും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.