കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.
പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് യുവതി മരിച്ചെന്നു കരുതിയ നിതിൻ, കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി സമീപ ജംക്ഷനിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുകയും, തിങ്കളാഴ്ച നടത്താനിരുന്ന വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.











Leave a Reply