ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ ബ്രിട്ടനിലെ റെസ്റ്റോറന്റുകള്‍ക്ക് ഭീഷണിയാകുന്നു. യുകെയിലെ 20 ശതമാനം റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുകയാണെന്നാണ് അക്കൗണ്ടന്‍സി കമ്പനിയായ മൂര്‍ സ്റ്റീഫന്‍സ് നടത്തിയ പഠനം പറയുന്നത്. 14,800 ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. വായ്പ വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച റെസ്റ്റോറന്റുകളുടെ എണ്ണം 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് 17 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതാണ് ഈ മേഖലയ്ക്ക് തിരിച്ചടി സമ്മാനിച്ചത്. ഇറക്കുമതിച്ചെലവ് വര്‍ദ്ധിച്ചത് റെസ്റ്റോറന്റുകള്‍ക്ക് കനത്ത ഭാരമാണ് സമ്മാനിച്ചത്. 25 വയസിന് മുകളില്‍ പ്രായമുള്ളവരുടെ നാഷണല്‍ ലിവിംഗ് വേജ് 7.50 പൗണ്ട് ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മേഖലക്ക് തിരിച്ചടിയായി. ഇതോടെ ലാഭമുണ്ടാക്കാന്‍ ഈ വ്യവസായമേഖല പാട്‌പെടുകയാണെന്ന് മൂര്‍ സ്റ്റീഫന്‍സ് പറയുന്നു.

ബൈറന്‍, പ്രെസോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയ ചെയിനുള്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി. ഫാസ്റ്റ്ഫുഡ് ചെിയിനായ ഹാന്‍ഡ്‌മേഡ് ബര്‍ഗര്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ നിരക്ക് ഈ മേഖല നേരിടുന്ന കനത്ത പ്രതിസന്ധിയുടെ തെളിവാണെന്ന് മൂര്‍ സ്റ്റീഫന്‍സിലെ ജെറമി വില്‍മോണ്ട് പറഞ്ഞു.