ജെഗി ജോസഫ്
ബ്രിസ്റ്റോള്‍: യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാ കേന്ദ്രമായ ബ്രിസ്‌ക (ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍) യുടെ ഇത്തവണത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 2016 ലെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കുള്ള സദ്യക്കുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കാറ്ററിംഗ് കമ്പനിയെ ഏല്‍പ്പിക്കാതെ ഇത്രയധികം ഭക്ഷണം ഉണ്ടാക്കുകയെന്ന ശ്രമകരമായ കാര്യം വിജയിക്കുന്നതിനു പിന്നില്‍ കമ്മറ്റിയെ കൂടാതെ ധാരാളം നിസ്വാര്‍ത്ഥ കരങ്ങളാണെന്ന് പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ പറഞ്ഞു.
വിവിധ പ്രാദേശിക അസോസിയേഷനുകളും കൂടാതെ മറ്റു ബ്രിസ്‌ക അംഗങ്ങളും ഒന്ന് ചേരുമ്പോള്‍ എല്ലാം ഭംഗിയായി പൂര്‍ണതയിലെത്തും. സദ്യക്ക് ശേഷമുള്ള കലാപരിപാടികളില്‍ ബ്രിസ്റ്റോളിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാവും. ആര്‍ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ ആണ് കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. മറ്റൊരു ആര്‍ട്സ് സെക്രട്ടറിയായ സന്ദീപ് കുമാറും കമ്മറ്റി അംഗങ്ങളും എല്ലാ പിന്തുണയും നല്‍കുന്നു .
ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് നടക്കുന്നത്. വടംവലി മത്സരം സെപ്തംബര്‍ ഒന്‍പതിന് ഓണസദ്യയ്ക്ക് ശേഷം നടക്കും. വടംവലിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
Leave a Reply