ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ ക്യാമ്പസുകളിൽ ആർത്തവ അവധി അനുവദിച്ചിരിക്കുന്ന വാർത്ത ആഗോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്ക് ആർത്തവ വിരാമം നേരിടുന്നവർക്ക് അവധി നൽകണമെന്ന എംപിമാരുടെ നിർദ്ദേശത്തെ നിരസിച്ചു മന്ത്രിമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തുല്യതാ നിയമപ്രകാരം ഇത് സ്ത്രീകളുടെ അവകാശമെന്നിരിക്കെയാണ് മന്ത്രിമാരുടെ നടപടി. വുമൺ ആൻഡ് ഇക്വാളിറ്റിസ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശമാണ് ഇതോടെ തള്ളപ്പെട്ടിരിക്കുന്നത്.

2022 ജൂലൈയിൽ പ്രസ്തുത കമ്മിറ്റി പുറത്ത് വിട്ട റിപ്പോർട്ട്‌ അനുസരിച്ച് ആർത്തവ വിരാമത്തിന്റെ പ്രത്യാഘാതം യുകെയുടെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങളെ മറച്ചു വെക്കുന്നതിലൂടെയാണ് തൊഴിലിടങ്ങളിൽ കൂടുതൽ അനീതി അരങ്ങേറുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള 12 ശുപാർശകൾ നേരത്തെ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ആർത്തവവിരാമ അവധി ഉൾപ്പെടെ 5 കാര്യങ്ങൾ നിരസിച്ചു.

എന്നാൽ ഒരുകൂട്ടം എം പി മാർ ഇത്തരം നയങ്ങൾ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം നയങ്ങളിൽ ഇനി തീരുമാനം ഉണ്ടാകില്ലെന്നാണ് മന്ത്രിമാരുടെ വാദം. ആർത്തവവിരാമ പരിചരണം മെച്ചപ്പെടുത്തുന്നതിനായി എൻഎച്ച്എസുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. അതേസമയം ബ്രിട്ടീഷ് മെനോപോസ് സൊസൈറ്റി സർവേ അനുസരിച്ച് 45% ത്തിലധികം സ്ത്രീകളുടെയും ജോലിയെ പ്രതികൂലമായി ബാധിക്കുന്നെന്നാണ് വ്യക്തമാക്കുന്നത്.