ബ്രിസ്റ്റോള്‍ : സഭയ്ക്കും രാഷ്ട്രത്തിനും അടിത്തറയാകേണ്ട യുവജനതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഉത്തരവാദിത്വം തികച്ചും പക്വതയോടുകൂടി ഏറ്റെടുക്കുകയാണ് ബ്രിസ്റ്റൊളിലെ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ടും യൂത്ത് കോര്‍ഡിനേഷന്‍ ടീമും. കലാലയങ്ങളിലും മറ്റു സാമൂഹ്യ മേഖലകളിലും വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരുമായുള്ള സംസര്‍ഗ്ഗം സ്വാഗതം ചെയ്യുന്നതോടൊപ്പം, നമ്മുടെ പാരമ്പര്യത്തിന്റെ നല്ല വശങ്ങള്‍ കൈമോശം വരാതെ സംരക്ഷിക്കുന്നതില്‍ മുതിര്‍ന്ന സമൂഹത്തിനുള്ള കടമയും സീറോ മലബാര്‍ പള്ളി നേതൃത്വം ഒര്‍മ്മിപ്പിക്കുന്നു.
പവിത്രമായ കുടുംബ ജീവിതം, പക്വമായ സുഹൃത്ബന്ധം, നിസ്വാര്‍ഥമായ സാമൂഹ്യബോധം തുടങ്ങിയ കാര്യങ്ങളില്‍ പാരമ്പര്യ കാഴ്ചപ്പാടുകളും സഭാപരമായ നിലപാടുകളും യുവതലമുറയ്ക്കു പകര്ന്നു നല്കുവാനുള്ള വിവിധ കര്‍മ പരിപാടികളാണ് മാതാപിതാക്കളുടെ സഹകരണത്തോടുകൂടി ആവിഷ്‌ക്കരിക്കുവാന്‍ ഉദേശിക്കുന്നത്. 13 വയസ്സ് മുതലുള്ള ”ടീന്‍ ഏജ്” ഗ്രൂപ്പ് മുതല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ള യുവതലമുറയുടെ ഓജസ്സും തേജസ്സും സഭയ്ക്കും നാടിനും കുടുംബത്തിനും ഗുണകരമാക്കി മാറ്റുവാനുള്ള ശ്രമകരമായ ഉത്തരവാദിത്വം ആണ് ഫാദര്‍ പോള്‍ വെട്ടിക്കാട്ടിനും രൂപതയിലെ മറ്റു വൈദികര്‍ക്കുമൊപ്പം , ബ്രിസ്റ്റോള്‍ സീറോ മലബാര്‍ പള്ളി കമ്മറ്റിയും യൂത്ത് കോര്‍ഡിനേഷന്‍ ടീമും നടപ്പാക്കാന്‍ തുനിയുന്നത്. യുവത്വത്തിലെയ്ക്ക് കാല്‍ കുത്തുന്ന കുഞ്ഞനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും നേരായ മാര്‍ഗ്ഗം കാട്ടിക്കൊടുക്കാന്‍ ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നട്ടെല്ലായ സെന്റ് തോമസ് യൂത്ത് ലീഗും മുന്നോട്ട് തന്നെ .

ശാരീരിക മാനസിക തലങ്ങളില്‍ പരിവര്‍ത്തന കാലഘട്ടത്തിലൂടെ നീങ്ങുന്ന ”ടീന്‍ ഏജ്” ഗ്രൂപ്പിന് അനുയോജ്യമായ ദിശാ ബോധം നല്കാനായി ”ലൈഫ് ലൈന്‍” എന്ന പേരില്‍ സെന്റ് തോമസ് യൂത്ത് ലീഗ് തുടങ്ങുന്ന ആവര്‍ത്തിത പരിപാടി പ്രത്യേകം പ്രസ്താവ്യമാണ് . ഇളം തലമുറയുടെ നേര്‍ വളര്‍ച്ചയില്‍ യൂത്ത് ലീഗ് കാണിക്കുന്ന ശുഷ്‌ക്കാന്തി ലോകത്തിനു മുഴുവന്‍ മാതൃകയുമാണ് .

രണ്ടു മാസത്തിലൊരിക്കല്‍ നടത്തുന്ന ”ലൈഫ് ലൈന്‍ ” ന്റെ ഔപചാരിക തുടക്കം ഫെബ്രുവരി 20 ശനിയാഴ്ചയാണ് . ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസെഫ്‌സ് പള്ളിയില്‍ രാവിലെ പത്തു മണിക്കാരംഭിക്കുന്ന പ്രസ്തുത പരിപാടി ഉച്ചയ്ക്ക് 1.30 വരെയാണ് . ഇപ്പോള്‍ ഏഴാം ക്ലാസ് മുതലുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത് .പങ്കെടുക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പു വരുത്താനായി യൂത്ത് ലീഗ് നേതൃ നിരയിലുള്ള ഡെന്നിസ് മാത്യു , മേബിന്‍ ജോസഫ് , ഹാരി അരീക്കാട്ട്, ബെര്‍ടി ജോസഫ് , മെറീന ജോസഫ് , സീറോ മലബാര്‍ പള്ളി കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യു ,റോയി സെബാസ്റ്റ്യന്‍, യൂത്ത് കോര്‍ഡിനേട്ടര്‍മാരായ ജോര്‍ജ് തരകന്‍, രേയ്‌നോല്‍ദ് ക്രൂസ്യ (reynold cruziah ),ജോമോന്‍ സെബാസ്റ്റ്യന്‍ ,ജെയിംസ് ഫിലിപ്പ് ,ബെര്‍ളി തോമസ് ,സ്റ്റാനി തുരുത്തേല്‍, റോയി ജോസഫ് ,സിസ്റ്റര്‍ ലീനാ മേരി , സിസ്റ്റര്‍ ഗ്രെയ്‌സ് മേരി , റെജി തോമസ് , ലില്ലി ജോസഫ് തുടങ്ങിയവര്‍ അടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റിയും സജ്ജീവമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റ് തോമസ് യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നീസ് മാത്യു (07883931232),ജോര്‍ജ് തരകന്‍ (07811197287), രെയ്‌നൊല്‍ദ് ക്രൂസ്യ (07790590540), ജോമോന്‍ സെബാസ്റ്റ്യന്‍ (07929468181) എന്നിവരെ ബന്ധപ്പെടുക.