ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ചുള്ള പട്ടിക പുറത്തു വന്നപ്പോൾ യുകെ 6-ാം സ്ഥാനത്തു നിന്നും 3 -ാം സ്ഥാനത്തേയ്ക്ക് എത്തി നില മെച്ചപ്പെടുത്തി. എന്നാൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുറകിലേയ്ക്ക് പോയി.


കഴിഞ്ഞവർഷം 84-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയുടെ സ്ഥാനം 85 -ലേക്ക് താഴ്ന്നു. എത്ര വിദേശ രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ സഞ്ചരിക്കാം എന്നതിൻറെ അടിസ്ഥാനത്തിലാണ് ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഫ്രാൻസ് ആണ് ഒന്നാമതുള്ളത്. ഫ്രാൻസിന് പുറമെ ഇപ്പോൾ സിംഗപ്പൂർ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.


അമേരിക്കയും കാനഡയും ആണ് 6-ാം സ്ഥാനം പങ്കിടുന്നത് . ബ്രിട്ടീഷ് പൗരന്മാർക്ക് കഴിഞ്ഞവർഷം 187 രാജ്യങ്ങളിലേയ്ക്ക് ആയിരുന്നു വിസയില്ലാതെ യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഈ വർഷം 192 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ യ്ക്ക് പുറമെ ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു