ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലുടനീളമുള്ള ഒറ്റ ബസ് യാത്രയുടെ പരമാവധി നിരക്ക് 2027 ജനുവരി മുതൽ £2 ആയി നിജപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. നിലവിൽ 2027 മാർച്ച് വരെ £3 ആയി തുടരുന്ന നിരക്കാണ് ഒരു പൗണ്ട് കുറയ്ക്കുന്നത്. ലണ്ടനെ ഒഴികെയുള്ള ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. ജീവിത ചെലവ് വർധനയെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 മുതൽ 2024 അവസാനം വരെ നിലവിലുണ്ടായിരുന്ന £2 നിരക്ക് മുൻ സർക്കാർ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പിൻവലിച്ചിരുന്നു. എന്നാൽ പൊതുഗതാഗതം എല്ലാവർക്കും താങ്ങാനാവുന്നതാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. കുറഞ്ഞ നിരക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുമെന്ന് ബേൺഹാം പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയറായിരിക്കെ അദ്ദേഹം നടപ്പാക്കിയ £2 നിരക്ക് മാതൃകയാണ് ഇപ്പോൾ രാജ്യവ്യാപകമാക്കുന്നത്.

പദ്ധതിക്കായി 500 ദശലക്ഷം പൗണ്ടിലധികം ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. അന്താരാഷ്ട്ര കാലാവസ്ഥാ ധനസഹായ പദ്ധതികളിലെ ചില ചെലവുകൾ വായ്പകളാക്കി മാറ്റിയും മറ്റ് വകുപ്പുകളിലെ ലാഭവിഹിതങ്ങൾ ഉപയോഗിച്ചുമാണ് തുക കണ്ടെത്തുക. അതേസമയം വിദേശസഹായ ഫണ്ടിൽ നിന്ന് പണം മാറ്റുന്നതിനെതിരെ സന്നദ്ധസംഘടനകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി പൂർണമായും ധനസഹായം ഉറപ്പാക്കിയതാണെന്നും പൊതുജനങ്ങൾക്ക് ജീവിതച്ചിലവിൽ ആശ്വാസം നൽകുകയാണ് ലക്ഷ്യമെന്നും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ വ്യക്തമാക്കി.