സ്വന്തം ലേഖകൻ
യു കെ :- ലൈബീരിയൻ എണ്ണ കപ്പലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി, ആക്രമണത്തിന് ശ്രമിച്ച 7 നൈജീരിയൻ വംശജരെ ഇംഗ്ലീഷ് കോസ്റ്റിന് അടുത്ത് വെച്ച് ബ്രിട്ടീഷ് അധികൃതർ അറസ്റ്റ് ചെയ്തു. കപ്പലിൽ ഒളിച്ചു കടക്കാൻ ശ്രമിച്ചവരാണ് ഈ ഏഴു പേരും. കപ്പലിലെ ജീവനക്കാർ ഒരു മുറിയിൽ അഭയംപ്രാപിച്ച ശേഷം, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.നൈജീരിയയിൽ നിന്നും ഇംഗ്ലണ്ടിലെ സൗത്തംപ്റ്റണിലുള്ള ഫൗലി ഓയിൽ റിഫൈനറിയിലേക്ക് എണ്ണ എത്തിക്കാനുള്ള കപ്പൽ ആയിരുന്നു ഇത്. 22 പേരാണ് കപ്പൽ ജീവനക്കാരായി ഉണ്ടായിരുന്നത്. റോയൽ നേവിയുടെ ഹെലികോപ്റ്ററുകളും മറ്റും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും, ആർക്കും അപകടം ഒന്നുംതന്നെ സംഭവിച്ചിട്ടില്ലെന്നും മിലിറ്ററി അധികൃതർ അറിയിച്ചു.
കപ്പൽ തട്ടിയെടുക്കാൻ ആയിരുന്നു ഇവരുടെ ശ്രമം എന്നാണ് പ്രാഥമിക നിഗമനം. 42,000 ടൺ ക്രൂഡ് ഓയിൽ ആണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ ജീവനക്കാരെ കൊല്ലുമെന്ന ഭീഷണി അക്രമികൾ ഉയർത്തിയതായി ക്യാപ്റ്റൻ പറഞ്ഞു.
പോലീസിൻെറയും ആർമിയുടെയും ഭാഗത്തുനിന്നുണ്ടായ അടിയന്തരസഹായം കപ്പൽ ജീവനക്കാരെ രക്ഷിക്കുന്നതിന് സഹായിച്ചുവെന്നും, ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. നേവ് ആൻഡ്രോമെടാ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ 2011 ലാണ് നിർമ്മിച്ചത്. ലൈബീരിയൻ രജിസ്ട്രേഷനുള്ള കപ്പൽ ആണെങ്കിലും, കപ്പലിന്റെ ഉടമസ്ഥർ ഗ്രീക്കുകാരാണ്.
Leave a Reply