ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം ബ്രിട്ടീഷ് പൗരന്‍മാര്‍ നാടുവിടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ കൂട്ടപ്പലായനം നടത്തുന്നുവെന്നാണ് വിവരം. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുവെന്നാണ് കണക്ക്. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ബ്രെക്‌സോഡസ് എന്ന പേരിലാണ് ഇത് പരാമര്‍ശിച്ചിട്ടുള്ളത്. ബ്രെക്‌സിറ്റിനായി രാജ്യം തീരുമാനമെടുത്തത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഇത്തരത്തില്‍ നാടുവിടാന്‍ ഉദ്ദേശിക്കുന്ന ചിലര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന വലിയൊരു വിഭാഗവും യുകെയിലുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസമാക്കാനും ചിലര്‍ പദ്ധതിയിടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക് അനുസരിച്ച് 1,22,000 യൂറോപ്യന്‍ പൗര്‍ന്‍മാര്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെ വിട്ടു. അതേ കാലയളവില്‍ 1,34,000 ബ്രിട്ടീഷ് പൗരന്‍മാര്‍ വിദേശത്തേക്ക് താമസം മാറിയിട്ടുണ്ട്.

മുന്‍വര്‍ഷത്തേക്കാള്‍ 8000 പേര്‍ അധികമാണ് ഇത്. ജോലികള്‍ക്കായാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നത്. അവരുടെ കുടുംബാംഗങ്ങളും പങ്കാളികളുമൊക്കെ പിന്നാലെയെത്തുന്നു. 2012നു ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും വലിയ എമിഗ്രേഷനാണ് ഇത്. അതേസമയം യുകെയിലേത്ത് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും സൂചനയുണ്ട്.