സ്വന്തം ലേഖകൻ

ഭൂമിക്കു വേണ്ടിയും വനാവകാശങ്ങൾക്ക് വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുകയും, അവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ സ്വാമി. ഇന്ത്യയിൽ നിന്ന് തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം. മലയാളി കൂടിയായ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനിലയും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളും തെല്ലും കണക്കിലെടുക്കാതെയാണ് അറസ്റ്റ്. മാവോവാദികളുമായി ബന്ധമുണ്ടെന്നും , 2018 ൽ നടന്ന ഒരു കേസിൽ പങ്കാളിയാണെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വാമി തന്നെ ഷൂട്ട് ചെയ്ത വീഡിയോയിൽ ജൂലൈയിൽ അഞ്ചു ദിവസങ്ങളിലായി 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തതായി ആണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്,എന്നാൽ അവ തന്റെത് ആയിരുന്നില്ലെന്നും, മനഃപൂർവ്വം കുടുക്കാനായി കെട്ടിച്ചമച്ച വൃത്തികെട്ട കെട്ടുകഥകൾ മാത്രമായിരുന്നുവെന്നും, സ്റ്റാൻസ്വാമി പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ മുതൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവണിൽ 2018 നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ച് മോദി ഗവൺമെന്റ് ഇതുവരെ പതിനെട്ടോളം പ്രമുഖ വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഗൽഭരായ വിദ്യാർത്ഥികൾ, നിയമജ്ഞൻ, ഗവേഷകർ, അക്കാദമിക് വിദഗ് ധന്മാർ, കവികൾ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. തീവ്രവാദ കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ജാമ്യം പോലും ലഭിക്കുന്നില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി അന്വേഷണ ഏജൻസികൾ സ്ഥിരമായി വട്ടമിട്ടു വേട്ടയാടിക്കൊണ്ടിരിക്കുന്ന വ്യക്തികളിലൊരാളാണ് സ്വാമി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ടുതവണയാണ് അദ്ദേഹത്തിന്റെ വീട് റെയ് ഡ് ചെയ് തത്. തീവ്ര വലത് സംഘടനകളുടെ കയ്യാളാണ് ഇദ്ദേഹമെന്നും, പൗരന്മാരെ വഴിതെറ്റിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നുമാണ് ആരോപണം. എന്നാൽ 1991 -ൽ ജാർഖണ്ഡിൽ എത്തിയ കാലം മുതൽ ആദിവാസികൾക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവച്ച ഇദ്ദേഹം ശാന്തനും, സൗമ്യ ഭാഷിയും ആണെന്ന് അടുത്തറിയുന്നവരെല്ലാം ഉറപ്പിച്ചുപറയുന്നു. 2000 ആണ്ടിൽ രൂപപ്പെട്ട കാലം മുതൽ തൊഴിലില്ലായ്മയും, മാവോവാദി ആക്രമണവും വരൾച്ചയും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് ഝാർഖണ്ഡ്. ഇന്ത്യയിലെ 40 ശതമാനത്തോളം യുറേനിയം, മൈക്ക, ബോക്സൈറ്റ്, സ്വർണ്ണം തുടങ്ങിയ അനേകം പ്രകൃതിവിഭവങ്ങളുടെ സ്രോതസായ ഇവിടെ വിഭവങ്ങൾ അസന്തുലിതാവസ്ഥയിലാണ് മൂന്നു മില്യനോളം വരുന്ന ജനതയ്ക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗോത്രവർഗ വിഭാഗക്കാർ അങ്ങേയറ്റം അവഗണന നേരിടുന്ന സ്ഥലമാണിത്. അവിടെ നിന്നാണ് അദ്ദേഹം ആ ജനതയ്ക്ക് വേണ്ടി പോരാടാൻ ഇറങ്ങിപ്പുറപ്പെട്ടത്.

മാവോയിസ്റ്റുകൾ ആയി മുദ്രകുത്തപ്പെട്ട് വർഷങ്ങളായി ജയിലിൽ കിടന്ന മൂവായിരത്തോളം സ്ത്രീപുരുഷന്മാരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് മോചിപ്പിച്ചു. ദുസ്സഹമായ പാറക്കെട്ടുകളും, വനങ്ങളും, അമിതവേഗതയിൽ ഒഴുകുന്ന നദികളും കടന്ന് അദ്ദേഹം ഗോത്രവർഗ്ഗക്കാർക്കിടയിൽ ബോധവൽക്കരണം നടത്തി. അവരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചു, അവർ നേരിടുന്ന ചൂഷണങ്ങളെ പറ്റിയും, അവരുടെ അനുവാദമില്ലാതെ കാട് പിടിച്ചടക്കി നിർമ്മിച്ചെടുക്കുന്ന ഡാമുകൾ ഫാക്ടറികൾ നിർമാണശാലകൾ എന്നിവയെപ്പറ്റി ബോധവാന്മാരാക്കി. 2018ൽ ഗോത്രവർഗ്ഗക്കാർക്കിടയിൽ നടന്ന കലാപത്തെ ചൊല്ലി ആത്മാർത്ഥമായി പരിതപിച്ചു.

അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന തന്റെ ആരോഗ്യത്തെ കണക്കാക്കാതെ അദ്ദേഹം മണ്ണിന്റെ മക്കൾക്ക് വേണ്ടി പോരാടി കൊണ്ടിരുന്നു, കാൻസറും 3 സർജറികളും അതിജീവിച്ച അദ്ദേഹത്തിന്റെ കൈകൾ എപ്പോഴും അസാധാരണമായി വിറച്ച് കൊണ്ടിരിക്കും.ഭക്ഷണമോ പാനീയങ്ങളോ കൈകൊണ്ട് കഴിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല, ഡോക്ടർമാർക്ക് രോഗം എന്തെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. ഇത്രയും പരിതാപകരമായ ആരോഗ്യ സ്ഥിതിയിലും അദ്ദേഹം വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു എന്ന് പ്രമുഖ ആക്ടിവിസ്റ്റായ സിറാജ് ദത്ത പറയുന്നു.

ജീൻഡ്രയ് സ് എന്ന ബെൽജിയൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര വിദഗ് ധൻ പറയുന്നു ” ഇത്രയും മനുഷ്യത്വമുള്ള, വിശാലഹൃദയനായ, മതേതരവാദിയായ, സമയനിഷ്ഠ ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മാവോയിസ്റ്റുകളുമായി അടുപ്പമുള്ള വ്യക്തികളോട് സഹാനുഭൂതി കാണിച്ചിരിക്കാം, ജാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ അത് സർവ്വസാധാരണമാണ്.അദ്ദേഹംതന്നെ ജീവിതകാലം മുഴുവൻ ആരെ തടയാൻ ശ്രമിച്ചോ അവരെപ്പോലെ ആണ് അദ്ദേഹത്തെ ഇപ്പോൾ അവർ കണക്കാക്കുന്നത്. “അദ്ദേഹം തന്റെ ദുഃഖം പങ്കുവച്ചു.

1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് പല മനുഷ്യാവകാശപ്രവർത്തകരെയും നിശ്ശബ്ദരാക്കിയ നീക്കങ്ങൾക്ക് സമാനമായ സംഭവങ്ങളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള സമാനസംഭവങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസർ സംഗീത കാമത്ത് അഭിപ്രായപ്പെട്ടു .ഇന്ത്യയിൽ നിന്നും ലോകത്തിൻെറ വിവിധ കോണുകളിൽ നിന്നും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വളരെയധികം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

പൗരാവകാശങ്ങളെ സെൻസർ ചെയ്തും, എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും നീണ്ട അടിയന്തരാവസ്ഥക്ക് അവസാനം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന പ്രഖ്യാപിതമല്ലാത്ത അടിയന്തരാവസ്ഥ എന്ന് അവസാനിക്കും എന്നതിന് ഉത്തരമില്ല. തെറ്റായ ലക്ഷ്യങ്ങൾക്കുവേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം കുറച്ചുകാലമായി വളരെയധികം ഉയർന്നിട്ടുണ്ട്.