ന്യൂസ് ഡെസ്ക് മലയാളം യുകെ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന പിഴവുകൾക്ക് ആരാകും ഉത്തരവാദികൾ? ഓട്ടോമേറ്റഡ് കാറുകൾ വരുത്തുന്ന റോഡ് സുരക്ഷാ പിഴവുകൾക്ക് ഡ്രൈവർമാർ നിയമപരമായി ഉത്തരവാദികൾ ആയിരിക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങൾ പിഴവുകൾ വരുത്തുമ്പോൾ ആരാവും ഉത്തരവാദികൾ എന്നത് നേരത്തെ പലവട്ടം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇത്തരം വാഹനങ്ങൾ വരുത്തുന്ന പിഴവുകൾക്ക് വാഹന നിർമ്മാതാക്കൾ നഷ്ടപരിഹാരം നൽകേണ്ടതായി വരും.

ഡ്രൈവറില്ലാ കാറുകൾ നിരത്തുകൾ കീഴടക്കുമ്പോൾ മാനുഷിക പിഴവുകൾ മൂലമുള്ള അപകടങ്ങൾ കുറയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഓട്ടോമേറ്റഡ് കാറുകൾ നിരത്തിലിറങ്ങുമ്പോൾ അഭിമുഖീകരിക്കുന്ന നിയമവശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2018 -ലാണ് ലോ കമ്മീഷനോട് ആവശ്യപ്പെട്ടത്. കമ്മീഷൻെറ നിർദേശങ്ങളെ പൂർണ്ണമായും പരിഗണിക്കുമെന്ന് ട്രാൻസ്പോർട്ട് മിനിസ്റ്റർ ട്രൂഡി ഹാരിസൺ പറഞ്ഞു.