ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി തെരേസ മേയ്ക്ക് വൻ തിരിച്ചടി. പാർലമെൻറിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെൻറ് തിരസ്കരിച്ചു. അല്പസമയം മുൻപ് ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിൽ 202 നെതിരെ 432 വോട്ടിന് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ എംപിമാർ തള്ളിക്കളയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തു.ലേബർ പാർട്ടിയും എസ്എൻപിയും കരാറിനെതിരെ നിലയുറപ്പിച്ചതോടെ തെരേസ മേയുടെ നീക്കങ്ങൾ പാളി.
അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബ്രെക്സിറ്റ് ഡീൽ വോട്ടിനിട്ടത്. ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേയ്ക്ക് നയിച്ച യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രധാനമന്ത്രി തെരേസ മേയുടെ പ്രധാനമന്ത്രി പദം തെറിപ്പിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തെരേസ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ലേബർ പാർട്ടി നോട്ടീസ് നല്കി. ഇതിൻമേൽ നാളെ ചർച്ചയും വോട്ടിംഗും നടക്കും.
Leave a Reply