ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തിമിരത്തിന് ഇനിമുതൽ ശസ്ത്രക്രിയ ഇല്ലാതെ മരുന്നു കൊണ്ട് മാത്രം പരിഹരിക്കാനാകുന്ന തരത്തിൽ, പുതിയ മരുന്നിന്റെ ഗവേഷണത്തിൽ ഒരു പടികൂടി മുന്നിട്ടിരിക്കുകയാണ് യുകെ ശാസ്ത്രജ്ഞർ. വി പി 1-001 എന്ന കോമ്പൗണ്ടിന്റെ ഐ ഡ്രോപ്സ് എലികളിൽ നൽകി പരീക്ഷിച്ചപ്പോൾ അവരുടെ ലെൻസിന്റെ ഫോക്കസ് 61 ശതമാനം വർദ്ധിച്ചതായി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ നൽകിയതിൽ 46 ശതമാനത്തിലും ക്ലാരിറ്റിയും വർദ്ധിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്ത് ഭൂരിഭാഗം ജനങ്ങളിലും അന്ധതയ്ക്ക് കാരണമാകുന്ന ഏറ്റവും പ്രമുഖമായ ഒരു കാരണമാണ് തിമിരം. ഈ മരുന്ന് വിജയകരമായി വിപണിയിലെത്തിയാൽ തിമിരം ഉള്ളവർക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ല എന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു വ്യക്തമാക്കുന്നു. എന്നാൽ ഈ മരുന്ന് എല്ലാ തരത്തിലുള്ള തിമിരത്തിനും ഫലപ്രദമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ ബാർബറ പിയർസ്‌കയോനേക് വ്യക്തമാക്കി. അതിനാൽ തന്നെ വിവിധ തരത്തിലുള്ള തിമിരങ്ങൾ തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

സാധാരണയായി പ്രായമുള്ളവരിലാണ് തിമിരം കണ്ടുവരുന്നത്. കുടുംബാംഗങ്ങളിൽ ഉള്ള പാരമ്പര്യം, പുകവലി, ഡയബറ്റിസ്, അമിത മദ്യപാനം എന്നിവയെല്ലാം തന്നെ തിമിരം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. എന്നാൽ ജനിതക അവസ്ഥകൾ, ഇൻഫെക്ഷനുകൾ എന്നിവ മൂലം ചില സമയത്ത് കുട്ടികളിലും ഇത് കണ്ടുവരുന്നുണ്ട്. നിലവിൽ ശസ്ത്രക്രിയ മാത്രമാണ് തിമിരത്തിന് പ്രതിവിധിയായി ഉള്ളത്. ഈ ശസ്ത്രക്രിയയിൽ കണ്ണിലെ തിമിരം മൂലം മൂടപ്പെട്ട ലെൻസ് മാറ്റി പകരം ഒരു പ്ലാസ്റ്റിക് ലെൻസ് വെക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ പരീക്ഷണം വിജയകരമായാൽ നിരവധിപേർക്ക് ഇതുമൂലമുള്ള പ്രയോജനം ഉണ്ടാകും.