പിണറായി കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധത്തിലാണ് തമിഴ്നാട് കുണ്ട്രത്തൂരില്‍ അഭിരാമി എന്ന വീട്ടമ്മ രണ്ട് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും അഭിരാമി കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് വിജയ്കുമാറിന്റെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്.ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.

പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വ്വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ‌ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി വീട് വിട്ടു. പിന്നീട് കാമുകന്റെ സഹായത്തോടെ കേരളത്തിലെത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ അതിനും മുൻപ് ആ രക്തരക്ഷസിനെ പൊലിസ് പിടിച്ചു.