ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുകയാണെങ്കിൽ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ വ്യാപക നടപടികൾ സ്വീകരിക്കുമെന്ന് ലേബർ നേതൃസ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥിയായ ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. സ്വകാര്യ വാടക നിരക്കുകൾ നിയന്ത്രിക്കുക, ഊർജ്ജ – ജല ബില്ലുകൾ കുറയ്ക്കുക, ഹൈ സ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി ഇളവ് നൽകുക തുടങ്ങിയ നടപടികളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

16 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തുമെന്നും ഊർജ്ജ, ജല സേവനങ്ങൾ വീണ്ടും പൊതുമേഖലയുടെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കാനാകുമെന്നും ബേൺഹാം പറഞ്ഞു. ഊർജ ബില്ലുകളിലെ ഗ്രീൻ ലെവി ഒഴിവാക്കി നികുതി വരുമാനത്തിലൂടെ അതിന്റെ ചെലവ് വഹിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാർ കടമെടുപ്പ് ചട്ടങ്ങൾ ലംഘിക്കില്ലെന്നും ധനകാര്യ അച്ചടക്കം പാലിക്കുമെന്നും ബേൺഹാം അവകാശപ്പെട്ടു. അതേസമയം, ചില നിർദേശങ്ങൾ നടപ്പാക്കാൻ വലിയ സാമ്പത്തിക ചെലവും സങ്കീർണമായ പരിഷ്കാരങ്ങളും ആവശ്യമായി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി മാഞ്ചസ്റ്ററിൽ “നമ്പർ 10 നോർത്ത്” ഓഫീസ് സ്ഥാപിക്കുമെന്നും ബേൺഹാം പ്രഖ്യാപിച്ചിട്ടുണ്ട്.











Leave a Reply